ഹനുമാന്‍ കീര്‍ത്തനം: നാഗ്പൂര്‍ നഗരസഭയ്ക്ക് കോടതി നോട്ടീസ്

നാഗ്പൂര്‍: എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ ഹനുമാന്‍ കീര്‍ത്തനാലാപനം സംഘടിപ്പിച്ചതിന് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന് ബോംബെ ഹൈക്കോടതി നോട്ടീസയച്ചു. മുനിസിപ്പല്‍ കമ്മീഷണര്‍ ശ്രവണ്‍ ഹര്‍ദികര്‍, ബിജെപി നേതാവ് ദയാശങ്കര്‍ തിവാരി എന്നിവര്‍ക്കും ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.
കോടതിയലക്ഷ്യം ആരോപിച്ച് സര്‍ക്കാരിതര സംഘടനയായ സാഗരി ഹക്ക സൗരക്ഷണ്‍ മഞ്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസയച്ചത്. ഏപ്രില്‍ ഏഴിനാണ് നാഗ്പൂര്‍ നഗരസഭ വിവാദ പരിപാടി സംഘടിപ്പിച്ചത്. ഹരജിയില്‍ നാഗ്പൂര്‍ മേയര്‍ പ്രവീണ്‍ ദാദ്‌കെ എതിര്‍കക്ഷിയാണ്. ഒരു മാസത്തിനകം നോട്ടീസിനു മറുപടി നല്‍കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, സ്വപ്‌ന ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോഡരേശ്വര്‍ രാം മന്ദിര്‍ ട്രസ്റ്റുമായി സഹകരിച്ച് നഗരസഭ സംഘടിപ്പിക്കുന്ന എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ സമൂഹ ഹനുമാന്‍ കീര്‍ത്തനം ആലപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ആരോപിച്ച് മഞ്ച് ഏപ്രില്‍ അഞ്ചിന് കോടതിയെ സമീപിച്ചിരുന്നു. ദയാശങ്കര്‍ തിവാരി കണ്‍വീനറായ സംഘാടകസമിതി, ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് ഹനുമാന്‍ കീര്‍ത്തനം ആലപിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.
എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിക്കും ഹനുമാന്‍ കീര്‍ത്തനാലാപനത്തിനും ഒരു മണിക്കൂര്‍ ഇടവേള വേണമെന്ന് കോടതി നഗരസഭയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഹനുമാന്‍ കീര്‍ത്തനം പരാമര്‍ശിക്കാതെ എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിക്ക് പ്രചാരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഈ ഉത്തരവ് സംഘാടകര്‍ ലംഘിച്ചെന്നാരോപിച്ചാണ് സംഘടന പുതിയ ഹരജി നല്‍കിയത്. ഇതു സംബന്ധിച്ച വീഡിയോയും ഹരജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നഗരസഭ, എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയെ മതപരമാക്കി മാറ്റുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഇന്ത്യ ഹിന്ദുക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണോയെന്നും എന്തുകൊണ്ട് ഖുര്‍ആനും ബൈബിളും ഉപയോഗിക്കുന്നില്ലെന്നും കോടതി ചോദിക്കുകയുണ്ടായി.
Next Story

RELATED STORIES

Share it