Fortnightly

ഹദീസ് പഠനം ഇന്ത്യയില്‍

ഹദീസ് പഠനം ഇന്ത്യയില്‍
X






 




ഗുരുക്കന്മാര്‍ക്കും അവരുടെ ശ്മശാനങ്ങള്‍ക്ക് മുമ്പിലും സാഷ്ടാംഗം ചെയ്യുക, ശവക്കല്ലറകള്‍ക്ക് മുമ്പില്‍ മെഴുകുതിരി തെളിയിക്കുക, അവയ്ക്ക് മേല്‍ പുഷ്പമാലകള്‍ അര്‍പ്പിക്കുക, മക്കയിലെ വിശുദ്ധ ദേവാലയത്തിന് സമാനം ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ ആദരിക്കുക, സംഗീത സദസ്സ് സംഘടിപ്പിക്കുക, ആത്മീയ ഗുരുക്കന്മാരുടെ തൃപ്തി കരസ്ഥമാക്കാനായി വ്രതമനുഷ്ഠിക്കുകയും ബലികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുക, ജന്മദിനവും ചരമ ദിനവും കൊണ്ടാടുക എന്നിവയൊക്കെ അക്കാലഘട്ടത്തില്‍ വളരെ പ്രചാരമുള്ളവയായിരുന്നു.






quran

 

അബുല്‍ ഹസന്‍ അലി നദ്‌വി



നങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന ആദര്‍ശ വിശ്വാസങ്ങളുടെയും കര്‍മ്മങ്ങളുടെയും സമീപനങ്ങളുടെയും നിലപാടുകളുടെയും തെറ്റ്ശരികളുടെ മാനദണ്ഡങ്ങളായി വര്‍ത്തിക്കുന്നത് നബി വചനങ്ങളും നബിചര്യയുമാണ്. തിരുദൂതര്‍ അനുവര്‍ത്തിച്ച നയങ്ങളും വിവിധ സാഹചര്യങ്ങളിലായി അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങളും സസൂക്ഷ്മം രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ മുസ്‌ലിംകള്‍ ഇതര മതസ്ഥരെ പോലെ മത തീവ്രതയിലേക്ക് വ്യതിചലിച്ചു പോകുമായിരുന്നു. നിങ്ങള്‍ക്ക് പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ടെന്ന പ്രസ്താവനയിലൂടെ ജീവിതത്തിന്റെ സര്‍വ്വ രംഗങ്ങളിലും അദ്ദേഹത്തെ പിന്‍പറ്റണമെന്നാണ് ഖുര്‍ആന്‍ മനുഷ്യ ലോകത്തോട് ആഹ്വാനം ചെയ്യുന്നത്.
മുഹമ്മദ് നബി പറഞ്ഞു: അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്തുടരുക. അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും.'
തങ്ങളുടെ വാക്കുകളും പ്രവൃത്തികളും പ്രവാചകന്റേതുമായി മാറ്റുരക്കാനും ആത്മവിചാരണ നടത്താനും ഹദീസ് ജനങ്ങള്‍ക്ക് സഹായകമായി വര്‍ത്തിക്കുന്നു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള സമരശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ നബിവചനങ്ങളും പ്രവാചകസരണിയും പ്രചോദനം നല്‍കുന്നു.

സത്യസരണിയില്‍ നിന്നും ഇടറി വീഴാതെ മനുഷ്യരെ അവ പരിരക്ഷിക്കുന്നു. അബദ്ധജടിലങ്ങളായ വിശ്വാസങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കും ജീര്‍ണ സംസ്‌കാരത്തിനുമെതിരെ നിരന്തര സമരങ്ങളിലേര്‍പ്പെടാനും സത്യമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു പോയവരെ തിരികെ കൊണ്ടുവരാനും അത് പ്രേരണ നല്‍കി. സാമൂഹ്യ തിന്മകള്‍ക്കും ജീര്‍ണസംസ്‌കാരത്തിനുമെതിരെ നിരന്തരം സമരം ചെയ്ത പരിഷ്‌ക്കര്‍ത്താക്കള്‍ക്കും നവോത്ഥാന നായകന്മാര്‍ക്കും ജന്മം നല്‍കാന്‍ അതിനായിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഹദീസ് ഒരു നങ്കൂരം പോലെയാണ്. ഹദീസിന്റെ സൂക്ഷിപ്പും പ്രചരണവും പഠനവും ഇസ്‌ലാമിന്റെ സാമൂഹികവും ബുദ്ധിപരവും ധാര്‍മ്മികവും അദ്ധ്യാത്മികവുമായ അഭിമാനകരമായ നിലനില്‍പ്പിന്റെ മൂന്നുപാധികളാണ്.

ചരിത്ര സാക്ഷ്യം
വിവിധ സമാഹാരങ്ങളായി ക്രോഡീകരിക്കപ്പെട്ട ഹദീസുകളാണ് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക മൗലിക ചിന്തയുടെയും സമുദായ സമുദ്ധാരണത്തിന്റെയും പ്രചോദനത്തിന്റെ ഉറവിടങ്ങളായി വര്‍ത്തിക്കുന്നത്. വിവിധ കാലങ്ങളിലായി മാറ്റത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കാഹള ധ്വനിയുമായി സമൂഹമധ്യേ വന്ന് നിന്ന നവോത്ഥാന നായകന്മാര്‍ക്ക് ഇസ്‌ലാമിന്റെ ആശയാടിത്തറകളെ കുറിച്ച് കൃത്യമായ അറിവും ബോധവും പ്രദാനം ചെയ്തതും ഇസ്‌ലാമിക ദര്‍ശനത്തെ അതിന്റെ തനിമയില്‍ അവര്‍ക്ക് പരിചയപ്പെടുത്തിയതും ഹദീസുകളാണ്.

നബിവചനങ്ങളെയും നബിചര്യയെയും അവലംബിച്ചു കൊണ്ട് മാത്രമാണ് അവര്‍ തങ്ങളുടെ ചിന്താ പദ്ധതികളും സിദ്ധാന്തങ്ങളും ആവിഷ്‌ക്കരിച്ചത്. അവര്‍ തങ്ങളുടെ ന്യായങ്ങള്‍ ഉന്നയിച്ചത് ഹദീസുകളുടെ തിണ്ണബലത്തിലാണ്. അവരുടെ വാദമുഖങ്ങളുടെ സ്ഥിരീകരണത്തിന് ഹദീസുകളെ തന്നെയാണവര്‍ ആശ്രയിച്ചത്. യുക്തിഭദ്രമല്ലാത്ത വിശ്വാസങ്ങളോടും ആചാരങ്ങളോടും അനുസ്യൂതം മല്ലടിക്കാനും ജനങ്ങളെ ദൈവിക മാര്‍ഗ്ഗത്തിലേക്ക് നയിക്കാനും അവരെ ഉത്സുകരാക്കിയതും ഹദീസുകള്‍ തന്നെ.
തന്റെ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിത രീതിയും നബിചര്യയും തമ്മില്‍ സമന്വയം ആഗ്രഹിക്കുന്ന എക്കാലത്തെയും പരിഷ്‌ക്കര്‍ത്താക്കള്‍ക്ക് അന്ത്യനാള്‍ വരെയും അവലംബമായി ഹദീസുകള്‍ നിലകൊള്ളും.

മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ക്കനുസൃതം സംജാതമാവുന്ന മനുഷ്യാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇസ്‌ലാമിക ദര്‍ശനത്തിനും അതിന്റെ മൂല്യവ്യവസ്ഥക്കും അനുരൂപമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തേണ്ടി വരുമ്പോള്‍ ഹദീസുകളാണ് സമുദായ സമുദ്ധാരകന് ആശ്രയം നല്‍കുക.
ആത്മീയ ഗുരുക്കളുടെയും പണ്ഡിത കേസരികളുടെയും സാന്നിദ്ധ്യവും പ്രഭാവവും ഉണ്ടായിരുന്നിട്ടും പ്രതാപത്തോടെ വാണരുളിയ മുസ്‌ലിം സാമ്രാജ്യങ്ങള്‍ക്ക് കീഴിലായിരുന്നിട്ടും കാലങ്ങളോളം ഹദീസില്‍ നിന്നും പുറം തിരിഞ്ഞു നിന്നുവെന്ന കാരണത്താല്‍ മുസ്‌ലിം സമൂഹങ്ങള്‍ മാര്‍ഗ്ഗച്യുതിക്കും ആദര്‍ശ വ്യതിയാനത്തിനും സ്വാംശീകരിക്കപ്പെടലിനും വിധേയരായെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഹദീസുകളെ അവഗണിച്ചു തള്ളിയ പശ്ചാത്തലത്തില്‍ സമൂഹത്തിലേക്ക് കടന്നെത്തിയ ഇസ്‌ലാമിക ബാഹ്യമായ ചിന്തകളും ആചാരങ്ങളും മൂലമായി മുസ്‌ലിം സമുദായം വമ്പിച്ച വ്യതിയാനത്തിനും രൂപാന്തീകരണത്തിനും വിധേയമായി.

നിങ്ങള്‍ മണ്‍മറഞ്ഞു പോയ സമൂഹങ്ങളുടെ കാല്‍പാടുകള്‍ പിന്തുടരും' എന്ന നബിവചനത്തിന്റെ സാക്ഷീകരണമെന്നോണം മുസ്‌ലിംകള്‍ ബഹു ദൈവ വിശ്വാസികളുടെയും വിഗ്രഹ പൂജകരുടെയും നടപടികളും ആചാരനുഷ്ഠാനങ്ങളും കടം കൊണ്ടു. പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെയും നവോത്ഥന സംരംഭങ്ങളുടെയും വിളക്കുകള്‍ അണഞ്ഞുപോയ കാല സന്ധികളിലാണ് മുസ്‌ലിം സമൂഹം ഈ ദുര്‍വ്വിധി കയ്യേറ്റത്.
ഹിജ്‌റ പത്താം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരമായ സാഹചര്യം ഒരു ദാഹരണത്തിന് നമുക്ക് പരിശോധന വിധേയമാക്കാം. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മതാദ്ധ്യക്ഷന്മാരും ചിന്തകരും ഹദീസുമായുള്ള ബന്ധം തീര്‍ത്തും വിച്ഛോദിച്ചിരുന്നു.

ഹദീസുപഠനം പരിലസിച്ചുനിന്ന ഹിജാസ്, യമന്‍, ഈജിപ്റ്റ്, സിറിയ എന്നീ രാജ്യങ്ങളിലെ മതവിദ്യാകേന്ദ്രങ്ങളുമായി അവര്‍ യാതൊരടുപ്പവും സ്ഥാപിച്ചിരുന്നില്ല. ഇന്ത്യയിലെ മതസ്ഥാപനങ്ങള്‍ ആവേശപൂര്‍വ്വം കര്‍മ്മശാസ്ത്ര വിധികളും നിയമതത്വങ്ങളും തര്‍ക്ക ശാസ്ത്ര സിദ്ധാന്തങ്ങളും പടച്ചുണ്ടാക്കുന്ന ധൃതിയിലായിരുന്നു. യുക്തിഭദ്രമല്ലാത്ത നടപടിക്രമങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയത്.

ദൈവവുമായി വിലയം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന പേരില്‍ യഥാസ്ഥിതികവും മതവിരുദ്ധവുമായ ഒട്ടേറെ ചടങ്ങുകള്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. സേവിയേഴ്‌സ് ഓഫ് ഇസ്‌ലാമിക് സ്പിരിറ്റ് എന്ന ഗ്രന്ഥസമാഹാരത്തിന്റെ മൂന്നാം വാള്യത്തില്‍ ഇന്ത്യയിലെ സൂഫികളുടെ അധ്യാപനങ്ങള്‍ ഞാന്‍ വിശകലനം ചെയ്യുന്നുണ്ട്. ഗ്വാളിയോറിലെ പ്രമുഖ സൂഫി ഗുരുവായ ശൈഖ് മുഹമ്മദ് ഗൗസിയുടെ ജവാഹിറുല്‍ ഖംസ എന്ന കൃതിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
നബിവചനങ്ങളെയും നബിചര്യയെയും അടിസ്ഥാനമാക്കി ഗുജറാത്തിലെ പണ്ഡിത ശ്രേഷ്ഠന്മാര്‍ (അലിമുത്തഖി ബര്‍ഹാന്‍പൂര്‍, മുഹമ്മദ് താഹീര്‍ പഠാന്‍) ആവിഷ്‌ക്കരിച്ച ജീവിത വീക്ഷണം രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ അജ്ഞാതമായിരുന്നു. ഹദീസിന്റെ ആറു സമാഹാര കൃതികളെ -സിഹാഹുസിത്ത- കുറിച്ചോ, പ്രസ്തുത വിജ്ഞാന ശാഖക്കായി ജീവിതം ബലിയര്‍പ്പിക്കുകയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടനയിച്ചവരുമായ പണ്ഡിത ശ്രേഷ്ഠരെ കുറിച്ചോ സൂഫികള്‍ക്കറിയില്ലായിരുന്നു. ഇന്ത്യയില്‍ പ്രചാരം സിദ്ധിച്ചിരുന്ന ദൈവജ്ഞാനവാദ-തിയോസഫിക്കല്‍ ഡോക്ടറയിന്‍-വുമായി പൂര്‍ണമായും ആശയപൊരുത്തമുള്ളതായിരുന്നു തന്റെ കാലത്തെ സൂഫി ചിന്തയെന്നതിന് ശാഹ് വലിയുല്ല ഖണ്ഡിതമായ തെളിവ് നല്‍കുന്നുണ്ട്.

സൂഫി കാഴ്ചപാടുകളെയും ചിന്തയെയും അനുഷ്ഠാനങ്ങളെയും കുറിച്ച ജവാഹിദുല്‍ ഹംസ് എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ക്കടിസ്ഥാനങ്ങള്‍ മുന്‍ഗാമികളായ സൂഫി ഗുരുക്കന്മാരുടേതെന്ന് അനുമാനിക്കപ്പെടുന്ന സംഭാഷണങ്ങളും ഗ്രന്ഥകാരന്റെ അനുഭവങ്ങളുമാണ്. ശൈഖ് മുഹമ്മദ് ഗൗസിനെ സംബന്ധിച്ചിടത്തോളം തന്റെ കാഴ്ചപ്പാടുകള്‍ക്കോ ചിന്തക്കോ അനുഷ്ഠാനങ്ങള്‍ക്കോ ആധികാരികമായ ഹദീസ് ഗ്രന്ഥത്തെയോ പ്രവാചകന്റെ സ്വഭാവവും പെരുമാറ്റവും പ്രതിപാദിക്കുന്ന ഏതെങ്കിലും ഗ്രന്ഥത്തെയോ അടിസ്ഥാനപ്പെടു ത്തിയാവണം എന്ന പരിഗണനയില്ലായിരുന്നുവെന്ന് തോന്നുന്നു. പ്രവാചകന്റെ അധ്യാപനങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത ആദര്‍ശ സുഹൃത്തുക്കളുടെ സംഘടിത നമസ്‌ക്കാരം (നമാസ് അഹ്‌സാബ്), ആത്മസുഹൃത്തുക്കളുടെ നമസ്‌ക്കാരം (നമാസ് ആശിഖീന്‍), ഹൃദയം പ്രകാശമാനമാക്കാനുള്ള നമസ്‌ക്കാരം (നമാസ്-തന്‍വീര്‍-ഖബര്‍) വിവിധ മാസങ്ങളിലും വര്‍ഷങ്ങളിലുമായി നിര്‍വ്വഹിക്കേണ്ട പ്രാര്‍ത്ഥനകള്‍ എന്നിവയാണ് ജവാഹീറുല്‍ ഖംസ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ഇവ്വിധം അടിസ്ഥാന രഹിതങ്ങളായ ആചാരനുഷ്ഠാനങ്ങള്‍ പ്രതിപാദിക്കുന്ന മറ്റനേകം ഗ്രന്ഥങ്ങളുണ്ട്. ഗുരുക്കന്മാര്‍ക്കും അവരുടെ ശ്മശാനങ്ങള്‍ക്ക് മുമ്പിലും സാഷ്ടാംഗം ചെയ്യുക, ശവക്കല്ലറകള്‍ക്ക് മുമ്പില്‍ മെഴുകുതിരി തെളിയിക്കുക, അവയ്ക്ക് മേല്‍ പുഷ്പമാലകള്‍ അര്‍പ്പിക്കുക, മക്കയിലെ വിശുദ്ധ ദേവാലയത്തിന് സമാനം ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ ആദരിക്കുക, സംഗീത സദസ്സ് സംഘടിപ്പിക്കുക, ആത്മീയ ഗുരുക്കന്മാരുടെ തൃപ്തി കരസ്ഥമാക്കാനായി വ്രതമനുഷ്ഠിക്കുകയും ബലികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുക, ജന്മദിനവും ചരമ ദിനവും കൊണ്ടാടുക എന്നിവയൊക്കെ അക്കാലഘട്ടത്തില്‍ വളരെ പ്രചാരമുള്ളവയായിരുന്നു. പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ ദൈവത്തോടൊപ്പം ഗുരുക്കന്മാരെയും പ്രതിഷ്ഠിക്കുന്നവയായിരുന്നു ഈ ആഘോഷങ്ങളൊക്കെയും.

ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവി
ഹദീസ് പഠനവുമായി ബന്ധപ്പെട്ട് ശൈഖ് അബ്ദുല്‍ ഹഖ് ദല്‍ഹിയില്‍ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ലക്ഷ്യ സഫലീകരണത്തിനായി അദ്ദേഹം തന്റെ മുഴുവന്‍ അധ്വാനവും ചെലവഴിച്ചു. ഈ സന്ദര്‍ഭത്തില്‍ വടക്കേ ഇന്ത്യയില്‍ ഹദീസ് പഠനം ഉന്നതാവസ്ഥയിലെത്തി. ചുറ്റുപാടും ഇരുള്‍മൂടിയ ഒരു സാഹചര്യത്തില്‍ അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ കൈത്തിരി കൊളുത്തി.

sha valiyullahi aldahlaviവിദൂരപ്രദേശങ്ങളില്‍ നിന്നു പോലും ജിജ്ഞാസുക്കള്‍ അദ്ദേഹത്തിന്റെ സന്നിധിയിലേക്കോടിയെത്തി. അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഹദീസ് പാഠശാല സ്ഥാപിതമായതോടെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രത്യേകിച്ച് ഹദീസ് സാഹിത്യ ശാഖയുടെ കേന്ദ്രം എന്ന പദവി ദല്‍ഹിക്ക് ലഭിച്ചു. അതുവരെയും ആ സ്ഥാനം ഗുജറാത്തിനായിരുന്നു. ശൈഖ് അബ്ദുള്‍ ഹഖിന്റെ മരണാന്തരം മകന്‍ നൂറുല്‍ ഹഖ് പിതാവ് തുടങ്ങിവെച്ച ഉദ്യമങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ പ്രതീക്ഷിച്ച വിധം ജനമനസ്സുകളില്‍ ഹദീസിനോടുള്ള താല്‍പര്യം വളര്‍ത്തിയെടുക്കാന്‍ അബ്ദുല്‍ ഹഖ് മുഹദ്ദിസിന്റെയോ അദ്ദേഹത്തിന്റെ ശേഷക്കാരുടെയോ പ്രവര്‍ത്തനങ്ങള്‍ക്കായില്ല. കാരണങ്ങളേറെയുണ്ട്. ഹനഫി കര്‍മ്മ ശാസ്ത്ര സരണിയെ ന്യായീകരിക്കാനും സാധൂകരിക്കാനുമായി അവര്‍ ഹദീസുകള്‍ ഉപയോഗപ്പെടുത്തിയെന്നതാണവയിലൊന്ന്.
ഇന്ത്യയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ ഹദീസ് പഠന ഗവേഷണങ്ങളുടെ കേന്ദ്രങ്ങളായി പരിലസിച്ചിരുന്ന മക്കയും മദീനയുമായി ആ നിലയില്‍ ബന്ധം സ്ഥാപിക്കുകയോ ആശയവിനിമയം നടത്തുകയോ ഉണ്ടായില്ല. ഇന്ത്യയില്‍ പ്രചാരണത്തിലുണ്ടായിരുന്ന പഠന സമ്പ്രദായത്തില്‍ -ദര്‍സേ നിസാമി- കര്‍മ്മശാസ്ത്ര പഠനത്തിനായിരുന്നു പ്രാമുഖ്യവും പ്രാധാന്യവും. ഹദീസ് സാഹിത്യ ശാഖയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും വികസനത്തിനും സര്‍വ്വതും സമര്‍പ്പിക്കാന്‍ സന്നദ്ധനും പ്രതിഭാധനനുമായ ഒരു വ്യക്തിത്വത്തെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലായിരുന്നു ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ രംഗപ്രവേശനം. ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പ്പത്തി നേടാനാഗ്രഹിച്ചവര്‍ പോലും കര്‍മ്മശാസ്ത്രത്തിലും നിയമ പഠനത്തിലും മാത്രമായി തങ്ങളുടെ ജ്ഞാന തൃഷ്ണയെ തളച്ചിട്ടു. ഈ പശ്ചാത്തലം ശാഹ് വലിയുല്ലയെ പ്രകോപിതനാക്കി.

ഹദീസ് - ശാ വലിയുല്ലയുടെ കാഴ്ചപ്പാട്
ആശയവ്യതിയാനത്തിന് വിധേയരാവുകയും നബിചര്യയെയും ഹദീസിനെയും കുറിച്ച് അശ്രദ്ധ പുലര്‍ത്തുകയും ചെയ്തവര്‍ക്ക് ശാ വലിയുല്ലാഹിദ്ദഹ്‌ലവി എഴുതിയ കത്തിലെ വരികള്‍ താഴെ ചേര്‍ക്കുന്നു:
''പണ്ഡിതന്മാരെന്ന് ഊറ്റം കൊള്ളുന്നവരേ, നിങ്ങള്‍ ഗ്രീക്കില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ശാസ്ത്രങ്ങളുടെയും വ്യാകരണത്തിന്റെയും തര്‍ക്കശാസ്ത്രത്തിന്റെയും പിടിയിലകപ്പെട്ടിരിക്കുകയാണ്. ഇനിയൊന്നും പഠിക്കാനില്ലെന്ന് നിങ്ങള്‍ കണക്കാക്കുന്നു. എന്നാല്‍ ജ്ഞാനത്തിന്റെ ഉറവിടങ്ങള്‍ ഖുര്‍ആനും നബിചര്യയുമാണ്.'ശുചീകരണം, നമസ്‌ക്കാരം, വ്രതം, തീര്‍ത്ഥാടനം, യുദ്ധം, മത പ്രചരണം എന്നീവിഷയങ്ങളില്‍ നബിയുടെ മാതൃകകള്‍ നിങ്ങളറിയണം. വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതെങ്ങനെയെന്നറിയണം. പ്രവാചകന്റെ സ്വഭാവം എന്തുമാത്രം മനോഹരമായിരുന്നുവെന്നറിയണം.

നിര്‍ബന്ധ കടമയെന്ന നിലയ്ക്കല്ല അദ്ദേഹത്തിന്റെ ചര്യയെ നിങ്ങള്‍ പിന്തുടരേണ്ടത്. പ്രവാചകചര്യയെന്ന നിലയ്ക്ക് തന്നെ, നബിചര്യയെന്ന നിലയ്ക്ക് തന്നെയാണ് നിങ്ങളതിനെ അനുധാവനം ചെയ്യേണ്ടത്. പ്രവാചകന്റെയും അനുചരമാരുടെയും പിന്‍ഗാമികളുടെയും ജീവചരിത്രം പഠിക്കുകവഴി ജീവിത വിജയം നേടാന്‍ നിങ്ങള്‍ക്കാവും. ഈ രീതിയില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണ ചൈതന്യം ഉള്‍ക്കൊള്ളാനാവൂ. നിങ്ങള്‍ ആചരിക്കുന്നതല്ല മതം; പ്രവാചകനില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങളുടെ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നതിനപ്പുറം പ്രവാചകനെ അനുസരിക്കാന്‍ തയ്യാറാവാണം. ഖുര്‍ആനും നബിചര്യയും പിന്‍പറ്റാനാണ് ദൈവം നിര്‍ദ്ദേശിക്കുന്നത്.

അതാണ് നിങ്ങള്‍ക്ക് അഭികാമ്യം. നിങ്ങള്‍ ജനങ്ങളോട് മതത്തെ കുറിച്ച് സംസാരിക്കുന്നില്ല. പ്രയോജനമോ പ്രതിഫലമോ ഇല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ ജനങ്ങള്‍ക്ക് അതു ഒഴികഴിവു നല്‍കി.
മുന്‍കാല കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരും മതവിധികളും, അവയെ അധികരിച്ചെഴുതിയ വ്യാഖ്യാനങ്ങളും സമാഹരിച്ച ഗ്രന്ഥത്താളുകള്‍ അരുക്കി പെറുക്കുന്ന തിരക്കിലാണ് നിങ്ങള്‍. ആധികാരികത അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്പനകള്‍ക്കാണെന്ന വസ്തുത നിങ്ങള്‍ മറന്നു പോവുന്നു. പ്രവാചകന്റെ വചനങ്ങള്‍ക്കും ചര്യക്കും പകരമായി തങ്ങളുടെ കര്‍മ്മ ശാസ്ത്ര സരണിയെ പിന്‍പറ്റുന്നവര്‍ നിങ്ങളിലുണ്ട്. പ്രവാചക വചനങ്ങള്‍ വ്യാഖ്യാനിക്കേണ്ട ഉത്തരവാദിത്വം ഏതാനും ചില പ്രഗത്ഭരായ പണ്ഡിതന്മാര്‍ക്കാണെന്നു നിങ്ങള്‍ ധരിച്ചുവശായിരിക്കുന്നപോലെ തോന്നുന്നു.

അവര്‍ ഏതെങ്കിലും നബിവചനം അംഗീകരിക്കുന്നില്ലെങ്കില്‍ അവ അസാധുവാക്കിയതായിരിക്കുമെന്നോ, അതിന് പകരം മറ്റൊന്ന് ഉണ്ടെന്നോ പറഞ്ഞു നിങ്ങളവരെ ന്യായീകരിച്ചു. തങ്ങളുടെ ആകുലതകളും വ്യാകുലതകളും തീര്‍ന്നു കിട്ടാന്‍ മണ്‍മറഞ്ഞു പോയ പുണ്യവാളന്മാരോട് പ്രാര്‍ത്ഥിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ പലപ്പോഴും ശവകുടീരങ്ങള്‍ക്കഭിമുഖമായും കഅ്ബാലയത്തിന് പിന്തിരിഞ്ഞു നില്‍ക്കുന്നതും കാണാമായിരുന്നു. ഇവ്വിധം കഅ്ബാലയത്തോട് അനാദരവ് പ്രകടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഇപ്രകാരം പ്രതികരിക്കുമായിരുന്നു. സാധാരണക്കാരുടെ ലക്ഷ്യനിര്‍ണ്ണയ സ്ഥാനമാണ് കഅ്ബാലയം. വിശിഷ്ട വ്യക്തികളെ സംബന്ധിച്ചിടത്തോളം ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കേണ്ടതും പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കേണ്ടതും പുണ്യാവാളന്മാര്‍ക്ക് മുമ്പിലാണ്. അവര്‍ ഏക ദൈവ സിദ്ധാന്തത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള ആരാധന സമ്പ്രദായത്തെയും പരിഹസിച്ചുതള്ളി.

മക്കയിലേക്കുള്ള തീര്‍ത്ഥാടനത്തെയും തീര്‍ത്ഥാടകരെയും അവജ്ഞയോടെയാണ് അവര്‍ വീക്ഷിച്ചത്. ഹജ്ജിനെക്കാളും അവര്‍ ശ്രേഷ്ഠത കല്‍പ്പിച്ചത് വിശുദ്ധന്മാരുടെ ശവകുടീരങ്ങളിലേക്കുള്ള സന്ദര്‍ശനത്തെയാണ്. ദൈവ മന്ദിരങ്ങളില്‍ അനുഷ്ഠിക്കുന്ന നമസ്‌ക്കാരത്തെ അവര്‍ വിലമതിച്ചില്ല. ഈശ്വര പ്രാര്‍ത്ഥനയില്‍നിന്നും സിദ്ധമാവുന്ന പുണ്യത്തെക്കാള്‍ അവര്‍ ശ്രേഷ്ഠകരമായി കരുതിയത് തങ്ങളുടെ ഗുരുക്കന്മാരുടെ അനുഗ്രഹാശിസ്സുകള്‍ക്കാണ്. ദൈവഭവനങ്ങള്‍ എങ്ങും അനാകര്‍ഷകങ്ങളായും വികൃതമായും കാണപ്പെട്ടു.
സന്യാസിമാരുടെയും പുണ്യാളന്മാരുടെയും ശവകുടീരങ്ങളും സ്മാരക മന്ദിരങ്ങളും കലാപരമായും വര്‍ണ്ണാഭമായും അലങ്കരിച്ചു പോന്നു. ദേവാലയങ്ങള്‍ ജനശൂന്യങ്ങളായി കിടന്നു.' അന്ത്യപ്രവാചകനും അദ്ദേഹത്തിന്റെ അനുകര്‍ത്താക്കളും അന്ത്യവിശ്രമം കൊള്ളുന്ന ഇസ്‌ലാമിക കേന്ദ്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈജിപ്റ്റ്, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിലനിന്നിരുന്ന സാഹചര്യവും ഇതുതന്നെയായിരുന്നു.''
ഹദീസ് ബോധനവും ഹദീസ് വിജ്ഞാനീയത്തിന്റെ വ്യാപനവും ലക്ഷ്യം വെച്ചു കൊണ്ടുള്ള ശാഹ് വലിയുല്ലയുടെ ഉദ്യമങ്ങള്‍ ഇന്ത്യയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന് നാന്ദികുറിച്ചു. ഹദീസ് പഠനം പുനരുജ്ജീവിപ്പിച്ചുകൊണ്ടും തദ്‌വിഷയമായി പ്രാമാണിക ഗ്രന്ഥങ്ങള്‍ രചിച്ചും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ മുഹദ്ദിസ് ദഹ്‌ലവി എന്ന നാമധേയത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി.

ഹദീസിന്റെ അധ്യാപനത്തിലേക്കും ഹദീസ് പ്രചരണാര്‍ത്ഥമുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങളിലേക്കും പ്രചോദിപ്പിച്ച ഘടകങ്ങളെന്തൊക്കെയെന്ന് തന്റെ പ്രമുഖ കൃതിയായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ പ്രതിപാദിക്കുന്നുണ്ട്.
നബിവചങ്ങളെ കുറിച്ച ശാഹ് വലിയുല്ലയുടെ അഭിപ്രായം കാണുക: ''അപ്രമാദിത്തവും സമ്പൂര്‍ണ്ണതയും അവകാശപ്പെടാവുന്ന ജ്ഞാനത്തിന്റെ കിരീടമാണ് ഹദീസ്. വെളിച്ചം പൊഴിച്ചു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രനോടാണതിന് സാദൃശ്യം. നബിവചനങ്ങള്‍ കത്തിജ്വലിക്കുന്ന പ്രകാശനാളങ്ങള്‍പോലെയാണ്. അവ അനുധാവനം ചെയ്യുന്നവര്‍ നേര്‍വഴി പ്രാപിക്കും. അവര്‍ അനുഗ്രഹിക്കപ്പെടും. തിരുവചനങ്ങളോട് അവജ്ഞ വെച്ചുപുലര്‍ത്തുന്നവര്‍ മാര്‍ഗ്ഗഭ്രംശത്തിന് പാത്രീഭൂതരാകും. അവര്‍ നാശഗ്രസ്തരാകുകയും ചെയ്യും. ദൈവിക കല്‍പനകള്‍, നിരോധനങ്ങള്‍, ദൈവിക സ്മരണ, പ്രേരണകള്‍, വാഗ്ദാനങ്ങള്‍, താക്കീതുകള്‍ എന്നിവ പോലുള്ള വിഷയങ്ങളില്‍ പ്രവാചകചര്യ വറ്റാത്ത ഉറവിടമായി നിലകൊള്ളഉന്നു.''
ശാഹ് വലിയുല്ലയെ ഈ രംഗത്തേക്ക് നയിച്ച മറ്റൊരു ഘടകം വിശ്വാസത്തിന്റെയും കര്‍മ്മത്തിന്റെയും യഥാര്‍ത്ഥ പാതയില്‍ നിന്നുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ വ്യതിയാനവും വ്യതിചലനവുമാണ്. പണ്ഡിതന്മാര്‍പോലും ഇസ്‌ലാമിന് അന്യമായ ആശയഗതികളില്‍നിന്നും ആചാര രീതികളില്‍നിന്നും മുക്തരായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്‌ലാമിനെ ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളില്‍നിന്നും വ്യതിരക്തമാക്കുന്ന എല്ലാ അടയാളങ്ങളും അപ്രത്യക്ഷമായി. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ഗ്രീക്കില്‍നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ശാസ്ത്രങ്ങളില്‍ അനുരക്തരായി. കൃത്രിമത്വവും പൊങ്ങച്ചവും ആദരിക്കപ്പെട്ടു.
പ്രവാചകചര്യക്കോ നബിവചനങ്ങള്‍ക്കോ യാതൊരു പ്രാധാന്യവും കല്‍പിക്കാതെ ദൈവശാസ്ത്ര ചിന്തകള്‍ ഇതര വിജ്ഞാന മേഖലകളെ തീര്‍ത്തും നിഷ്പ്രഭമാക്കി. ശാഹ് വലിയുല്ല ഹദീസ് സാഹിത്യ ശാഖയ്ക്ക് നല്‍കിയ മഹത്തായ സേവനങ്ങള്‍ സയ്യിദ് ഹകീം അബ്ദുല്‍ ഹയ്യ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം ഹദീസ് പഠനഗവേഷണ മേഖല പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചെയ്തത്. ഹദീസിനെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ അവ ബോധം സൃഷ്ടിക്കാനും, വിദ്യാഭ്യാസ പദ്ധതിയിലെ സുപ്രധാന വിഷയമായി ഹദീസ് ഉള്‍പ്പെടുത്താനും അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞു. തങ്ങളുടെ സവിശേഷ പഠനത്തിന് ഹദീസ് ഒരു വിഷയമായി തെരെഞ്ഞെടുക്കാവുന്ന സൗകര്യം ഇസ്‌ലാമിക വിജ്ഞാന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി.
ഹദീസ് സാഹിത്യ ശാഖയിലെ ആറ് ആധികാരിക ഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള സൗകര്യങ്ങളുണ്ടായി. അവയില്‍ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി എന്നിവ വളരെ വിശദമായി അധ്യയനം ചെയ്യാനുള്ള സാഹചര്യം നിലവില്‍ വന്നു.

(അവലംബം: സേവിയേഴ്‌സ് ഓഫ് ഇസ്‌ലാമിക് സ്പിരിറ്റ്)
Next Story

RELATED STORIES

Share it