malappuram local

ഹജ്ജ് ഹൗസ് കരിപ്പൂരില്‍നിന്ന് മാറ്റരുത്: എസ്ഡിപിഐ

മലപ്പുറം: സംസ്ഥാന ഹജ്ജ് ഹൗസ് കരിപ്പൂരില്‍നിന്നു മാറ്റാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗള്‍ഫ് യാത്രക്കാര്‍ ആശ്രയിക്കുന്നതും വിദേശ നാണ്യ വരുമാനത്തില്‍ മുന്‍നിരയില്‍നില്‍ക്കുന്നതുമായ വിമാനത്താവളമാണ് കരിപ്പൂര്‍. പത്തു വര്‍ഷം മുമ്പ് അന്താരാഷ്ട്ര പദവി ലഭിച്ച ഇവിടെ പരിമിത സൗകര്യങ്ങളിലും വിദേശ വിമാനങ്ങള്‍ ഇറങ്ങിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും നല്ല വിമാനത്താവളമായി കരിപ്പൂര്‍ വളര്‍ന്നുവരുന്നതിനിടയിലാണ് ചിലര്‍ പ്രത്യേക താല്‍പര്യങ്ങളോടെ ഇതിനെ തകര്‍ക്കാന്‍ രംഗത്തുവരുന്നത്.
ആരംഭകാലത്ത് മുംബൈ ലോബിയും ഇപ്പോള്‍ നെടുമ്പാശ്ശേരി ലോബിയുമാണു കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഹജ്ജ് ഹൗസ് മാറ്റുന്നതോടെ അഞ്ചരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് ഉപയോഗശൂന്യമാവുന്ന അവസ്ഥായാണുണ്ടാവുക. സംസ്ഥാനത്തുനിന്നു ഹജ്ജിനു പോവുന്നവരില്‍ 80 ശതമാനവും മലബാറുകാരാണ്. മഹാ ഭൂരിപക്ഷവും പ്രായം കൂടിയവരും വൃദ്ധരുമാണെന്നതിനാല്‍ അവര്‍ക്ക് നെടുമ്പാശ്ശേരിവഴിയുള്ള യാത്ര ബുദ്ധിമുട്ടാവും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ലാഭവിഹിതം പറ്റുന്ന സ്വകാര്യ മുതലാളിമാരെ പ്രീതിപ്പെടുത്തി കരിപ്പൂരിന്റെ ചിറക് അരിയുകയാണ് സര്‍ക്കാര്‍. ഇതിനെതിരേ പ്രതികരിക്കേണ്ട മലബാറിലെ ജനപ്രതിനിധികള്‍ മൗനത്തിലാണ്.
ഇതിനെതിരേ എസ്ഡിപിഐ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജന. സെക്രട്ടറി പി ദാവൂദ്, വൈസ് പ്രസിഡന്റുമാരായ വി ടി ഇഖ്‌റാമുല്‍ ഹഖ്, സി ജി ഉണ്ണി, സെക്രട്ടറി ടി എം ഷൗക്കത്ത് പറഞ്ഞു. മാര്‍ച്ച് 11ന് രാവിലെ 9.30ന് ജില്ലാ നേതൃയോഗം മലപ്പുറത്ത് നടക്കും.
Next Story

RELATED STORIES

Share it