ഹജ്ജ് യാത്രാ നടപടിക്രമം; ന്യൂനപക്ഷ മന്ത്രാലയത്തിന് കൈമാറി

ന്യൂഡല്‍ഹി: ഹജ്ജ് യാത്രയുടെ നടപടിക്രമങ്ങളുടെ ചുമതല ന്യൂനപക്ഷ മന്ത്രാലയത്തിന് കൈമാറി. ഇതുവരെ വിദേശകാര്യമന്ത്രാലയമായിരുന്നു ഹജ്ജ് യാത്രയുടെ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇതുസംബന്ധിച്ച കത്ത് തന്റെ മന്ത്രാലയത്തിനു ലഭിച്ചതായി ന്യൂനപക്ഷ കാര്യമന്ത്രി നജ്മ ഹെപ്തുല്ല പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷണര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതിനുള്ള നിര്‍ദേശം ആദ്യം ഉയര്‍ന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഹജ്ജ് ഏകോപന പ്രവര്‍ത്തനങ്ങളില്‍ അപാകത ഉണ്ടായിട്ടല്ല ഹജ്ജ് ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയത്തെ ഏല്‍പ്പിക്കുന്നത്.
ന്യൂനപക്ഷ മന്ത്രാലയവും നേരത്തേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ നീക്കം വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രാധാന്യം കുറയ്ക്കില്ല. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും ഇക്കാര്യം നിയന്ത്രിക്കുക. സൗദിയിലേക്കുള്ള വിസ അടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ന്യൂനപക്ഷ കാര്യമന്ത്രാലയം വിദഗ്ധ കമ്മിറ്റിയുമായി സഹകരിച്ച് ഹജ്ജ് യാത്രയുടെ മറ്റു നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യും. സര്‍ക്കാര്‍ ന്യൂനപക്ഷത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷണര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it