ഹജ്ജ്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പണം അടയ്ക്കുമ്പോള്‍ മാത്രം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 2016ലെ ഹജ്ജിനുളള അപേക്ഷകള്‍ ലഘൂകരിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രോല്‍സാഹിപ്പിക്കാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ ബാഗ് വിതരണം ഉപേക്ഷിക്കാനും ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരുടെ യോഗത്തിലാണ് അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകളിലും നടത്തിപ്പിലുമുളള മാറ്റങ്ങള്‍ കേന്ദ്ര പ്രതിനിധികള്‍ വിശദീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഹജ്ജ് അപേക്ഷകര്‍ അപേക്ഷയോടൊപ്പം നല്‍കിയിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇത്തവണ ഒഴിവാക്കി. അപേക്ഷകരില്‍ അവസരം ലഭിച്ച് പണം അടക്കുമ്പോള്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇത് ആദ്യഘട്ട അപേക്ഷകര്‍ക്ക് ആശ്വാസമാവും. തീര്‍ത്ഥാടന വേളയിലുളള ബലി നല്‍കുന്നതിന്റെ കൂപ്പണ്‍ സംബന്ധിച്ച് അപേക്ഷയില്‍ പുതിയ കോളമുണ്ടാവും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ തവണ നടപ്പാക്കി ഏറെ വിവാദമായ ഏകീകൃത ബാഗ് സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കി. കേന്ദ്രം നിര്‍ദേശിക്കുന്ന തരത്തില്‍ കിലോ ഉള്‍ക്കൊളളുന്ന ബാഗ് തീര്‍ത്ഥാടകര്‍ക്ക് തന്നെ വാങ്ങാം. കഴിഞ്ഞ വര്‍ഷം 5200 രൂപ നല്‍കി കേന്ദ്രം നല്‍കുന്ന ബാഗ് വാങ്ങല്‍ നിര്‍ബന്ധമായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്ത ബാഗ് ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആയതിനാലാണ് ഇത് വേണ്ടെന്നു വച്ചത്.
ഓണ്‍ലൈന്‍ അപേക്ഷകളും നേരിട്ട് നല്‍കുന്ന അപേക്ഷകളും ലഘൂകരിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ എത്രാം തവണ അപേക്ഷിക്കുന്നുവെന്നത് പെട്ടെന്ന് കണ്ടെത്താനാവും. കഴിഞ്ഞ വര്‍ഷം മുതലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. എന്നാല്‍, ഇത് വേണ്ടത്ര പ്രയോജനപ്പെട്ടില്ല. ഹജ്ജ് അപേക്ഷയുടെ മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ച യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധികളായി ഹജ്ജ് അസി.സെക്രട്ടറി ഇസി മുഹമ്മദ്, കോ- ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് എന്നിവര്‍ പങ്കെടുത്തു. ജനുവരിയില്‍ ഹജ്ജ് അപേക്ഷ വിതരണം തുടങ്ങുമെങ്കിലും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നീടാണുണ്ടാവുക.

Next Story

RELATED STORIES

Share it