Kerala

ഹജ്ജ് നറുക്കെടുപ്പ് നാളെ കരിപ്പൂരില്‍

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അപേക്ഷിച്ച തീര്‍ത്ഥാടകരുടെ നറുക്കെടുപ്പ് നാളെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടുത്തിയാണ് നറുക്കെടുപ്പ്. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് കാത്തിരിപ്പു ലിസ്റ്റുകളാണ് നറുക്കെടുപ്പിലൂടെ ഒരുക്കുക.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവാന്‍ ഇത്തവണ 9943 പേര്‍ക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിന് അനുവദിച്ച ഹജ്ജ് ക്വാട്ടയെക്കാള്‍ 4910 സീറ്റുകളാണ് ഇത്തവണ അധികം ലഭിച്ചത്. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയില്‍പ്പെട്ട 1626 പേരും തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 8317 പേരും ഉള്‍പ്പെടെ 9943 പേര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിനു പോകാനാവും. രണ്ടു രീതിയിലാണ് കാത്തിരിപ്പു പട്ടിക തയ്യാറാക്കുന്നത്. നാലാം വര്‍ഷക്കാരായ 9787 പേര്‍ ഉള്‍ക്കൊള്ളുന്ന റിസര്‍വ് വെയിറ്റിങ് ലിസ്റ്റും ജനറല്‍ വിഭാഗത്തില്‍ 56,634 പേരുള്‍പ്പെട്ട ജനറല്‍ വെയ്റ്റിങ് ലിസ്റ്റുമാണു തയ്യാറാക്കുക.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വരുന്നതും യാത്ര റദ്ദാക്കിയവരുടെ ലിസ്റ്റും ഉള്‍പ്പെടുത്തി അഡീഷനല്‍ ക്വാട്ട കിട്ടുന്ന മുറയ്ക്ക് നാലാം വര്‍ഷക്കാരിലെ ക്രമനമ്പര്‍ പ്രകാരം ആദ്യം അവസരം നല്‍കും. ഇവര്‍ക്കു ശേഷമായിരിക്കും ജനറല്‍ വിഭാഗത്തിലെ വെയ്റ്റിങ് ലിസ്റ്റുകാരെ പരിഗണിക്കുക. കേരളത്തി ല്‍ ഇത്തവണ ഹജ്ജ് അപേക്ഷകരുടെ എണ്ണം 76,364 ആണ്. ഹജ്ജ് അപേക്ഷ മാനദണ്ഡമാക്കി ക്വാട്ട വീതിക്കുകയോ ഇന്ത്യയിലെ നാലാം വര്‍ഷക്കാരെയും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും ഒരുമിച്ചു പരിഗണിച്ച് ക്വാട്ട വീതിക്കുകയോ ചെയ്താല്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാവും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മതിയായ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും തീര്‍ത്ഥാടകര്‍ക്ക് ബോധവല്‍ക്കരണവും ഹജ്ജ് വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് പഠന ക്ലാസ്സുകളും നല്‍കാനും സൗദി ഹജ്ജ് മന്ത്രാലയം കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു കീഴില്‍ ഹജ്ജിനു പോവുന്നവര്‍ക്ക് കുത്തിവയ്പ്പും തുള്ളിമരുന്നും നല്‍കിയിരിക്കണമെന്നും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നല്‍കണമെന്നും ഹജ്ജ് വേളയില്‍ കര്‍മങ്ങള്‍ ചെയ്യേണ്ട സ്ഥലങ്ങളിലേക്ക് എത്തുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നുമാണു നിര്‍ദേശം. മെര്‍സ് കൊറോണ വൈറസ്, എച്ച്1എന്‍1, വിദേശത്തു പടരുന്ന സിക്ക വൈറസ് തുടങ്ങിയവ മുന്‍നിര്‍ത്തിയും കഴിഞ്ഞ വര്‍ഷം മിനായിലുണ്ടായ ദുരന്തത്തിന്റെ പാശ്ചാത്തലത്തിലുമാണ് പുതിയ നിര്‍ദേശം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് കുത്തിവയ്പ്പ് നിര്‍ബന്ധമാണ്. ഹജ്ജിനു പുറപ്പെടുന്നതിന്റെ 10 ദിവസം മുമ്പെങ്കിലും കുത്തിവയ്പ് എടുത്തിരിക്കണം. തീര്‍ത്ഥാടകരുടെ ഹെല്‍ത്ത് കാര്‍ഡില്‍ ആരോഗ്യ വകുപ്പിന്റെ കുത്തിവയ്പ് എടുത്തെന്നു തെളിയിക്കുന്ന രേഖയുണ്ടായിരിക്കണം.
സീസണല്‍ ഇന്‍ഫഌവന്‍സ വാക്‌സിന്‍(എസ്ഇവി) തുള്ളിമരുന്ന് എടുത്തിരിക്കണം. ഇല്ലാത്തവരെ സൗദിയിലേക്കു കടക്കാന്‍ അനുവദിക്കില്ല. പകരുന്ന രോഗങ്ങളുള്ളവര്‍ക്കും ഹജ്ജിനു വിലക്കുണ്ട്. ഹജ്ജ് പഠനക്ലാസിനൊപ്പം ആരോഗ്യ ക്ലാസും നല്‍കാനാണു തീരുമാനം. അനുവദിച്ച സമയത്തു മാത്രമെ കര്‍മങ്ങള്‍ ചെയ്യാന്‍ തീര്‍ത്ഥടകരെ വിടാന്‍ പാടുള്ളൂവെന്ന നിര്‍ദേശവുമുണ്ട്.
Next Story

RELATED STORIES

Share it