ഹജ്ജ് തീര്‍ത്ഥാടകരുടെ താമസം: കെട്ടിടം കണ്ടെത്തുന്നതിന് ആദ്യ നടപടികള്‍ പൂര്‍ത്തിയാക്കി

കരിപ്പൂര്‍: ഇന്ത്യയില്‍നിന്ന് ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ താമസിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിന്റെ ആദ്യ നടപടികള്‍ പൂര്‍ത്തിയാക്കി ഹജ്ജ് ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി സൗദിയില്‍നിന്ന് മടങ്ങിയെത്തി. അസര്‍ പട്ടേല്‍ (മധ്യപ്രദേശ്), നൂറുല്‍ ഇസ്‌ലാം(പശ്ചിമ ബംഗാള്‍), ഫാറൂഖി (മഹാരാഷ്ട്ര) എന്നിവരാണ് കെട്ടിടങ്ങളുടെ പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ഗ്രീന്‍, അസീസിയ്യ എന്നീ രണ്ടു വിഭാഗങ്ങളിലാണ് കെട്ടിടങ്ങള്‍. പരിശുദ്ധ ഹറമില്‍നിന്ന് 1500 മീറ്റര്‍ ദൂരപരിധിയിലാണ് ഗ്രീന്‍ കാറ്റഗറി താമസ സൗകര്യം ലഭിക്കുക. ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍ ചുറ്റളവിലാണ് അസീസിയ്യയില്‍ കെട്ടിടങ്ങളെടുക്കുന്നത്. മക്കയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് ബസ് സൗകര്യമുണ്ടാകും. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ബില്‍ഡിങ് സെലക്ഷന്‍ ടീമും ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയും ബില്‍ഡിങ് മാനേജ്‌മെന്റ് കമ്മിറ്റിയും പരിശോധിച്ച ശേഷമാകും കെട്ടിടങ്ങള്‍ നിശ്ചയിക്കുക.
ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ മാര്‍ച്ച് 10ന് ഒപ്പുവയ്ക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് കരാറില്‍ ഒപ്പുവയ്ക്കും. പരിശുദ്ധ മക്കയില്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും 20 ശതമാനം കുറയും. സൗദി മന്ത്രാലയം മറ്റു രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയിലും 20 ശതമാനം കുറവുണ്ട്. കടുത്ത വേനലിലാണ് ഇത്തവണ ഹജ്ജ്. കൂടുതല്‍ പേര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സൗകര്യങ്ങളൊരുക്കാനും പ്രയാസമായതിനാലാണ് ക്വാട്ട ഇത്തവണയും കുറയ്ക്കാന്‍ തീരുമാനിച്ചത്.
അതേസമയം, കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു പോകാനായി ഇത്തവണ അപേക്ഷിച്ചത് എണ്‍പതിനായിരത്തോളം പേര്‍. അപേക്ഷ സ്വീകരണം ഇന്നലെ അവസാനിച്ചു. കഴിഞ്ഞ ജനുവരി 14നാണ് അപേക്ഷ സ്വീകരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തേക്കാളും പതിനയ്യായിരത്തിലധികം അപേക്ഷകരാണ് ഇത്തവണ കൂടുതലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് ഇത്തവണയും കേരളത്തിലാണ്.
Next Story

RELATED STORIES

Share it