ഹജ്ജ്: ആദ്യ ഗഡുവായി 81,000 രൂപ 15നകം അടയ്ക്കണം

ഹജ്ജ്: ആദ്യ ഗഡുവായി 81,000 രൂപ  15നകം അടയ്ക്കണം
X
hajj

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചവര്‍ ഈ മാസം 15നകം ആദ്യ ഗഡു പണം അടയ്ക്കണം. വിമാനക്കൂലി ഇനത്തില്‍ 81,000 രൂപയാണ് ഹജ്ജിന്റെ ആദ്യ ഗഡു പണമായി നിശ്ചയിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ അതത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്കാണ് പണം അടക്കേണ്ടത്.പണം അടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേക റഫറന്‍സ് നമ്പറുകളുണ്ട്. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍സ്ലിപ് ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് അടുത്ത ദിവസം മുതല്‍ ലഭ്യമാവും. ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് മാത്രമേ പണം അടയ്ക്കാന്‍ പാടുളളൂ. തെറ്റായ രീതിയില്‍ പണമടച്ചാല്‍ അവസരം നഷ്ടമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെയിനര്‍മാരെ ബന്ധപ്പെടണം.
പണം അടച്ചതിന്റെ ഒര്‍ജിനല്‍ പേ-ഇന്‍സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹജ്ജ് കമ്മിറ്റിയില്‍ തുടര്‍ന്ന് നേരിട്ട് ഹാജരാക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോം ഹജ്ജ് അപേക്ഷയോടൊപ്പം നല്‍കിയിട്ടുണ്ട്. ഇതിന്റെ പേ-ഇന്‍സ്ലിപ്പിന്റെ ഒര്‍ജിനല്‍ കോപ്പിയും ഒരു ഫോട്ടോ കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ച് അടച്ചാല്‍ മതി. പേ-ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപക്ഷകന്‍ സൂക്ഷിക്കണം. രണ്ടാം ഗഡു പണമടയ്ക്കല്‍, ഹജ്ജ് ക്ലാസ്സ്, കുത്തിവയ്പ്പ്, യാത്രാ തിയ്യതി തുടങ്ങിയവ അറിയിക്കുന്നതിനും മറ്റുമായി 260 ട്രെയിനര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ 47 പേര്‍ മുംബൈയിലെ പരിശീലന ക്ലാസിലാണ്.
Next Story

RELATED STORIES

Share it