Kerala

ഹജ്ജ്: അവസരം ലഭിച്ചവരില്‍ 82.6 ശതമാനം തീര്‍ത്ഥാടകരും മലബാറില്‍ നിന്ന്

കരിപ്പൂര്‍: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരില്‍ 82.6 ശതമാനം തീര്‍ത്ഥാടകരും മലബാര്‍ മേഖലയില്‍ നിന്ന്. 9943 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. ഇവരില്‍ 8213 പേരും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 1730 പേരാണു തൃശൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചത്. ഹജ്ജിന് അവസരം ലഭിച്ച 3126 പേരും കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറത്ത് നിന്ന് 2276 പേര്‍ക്കും അവസരം ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് അവസരം ലഭിച്ചവര്‍. 36 പേര്‍ക്കാണ് ഇവിടെനിന്ന് അവസരം ലഭിച്ചത്. മറ്റു ജില്ലകളില്‍ നിന്ന് അവസരം ലഭിച്ചവരുടെ കണക്കു വിവരങ്ങള്‍ ചുവടെ; തിരുവനന്തപുരം(175), കൊല്ലം(215), ആലപ്പുഴ(128), കോട്ടയം(180), ഇടുക്കി(92), എറണാംകുളം(766), തൃശൂര്‍(138), പാലക്കാട്(392), വയനാട്(315), കണ്ണൂര്‍(1216), കാസര്‍കോട്(888).

അവസരം ലഭിച്ചവര്‍ക്ക് 81,000 രൂപ ആദ്യഗഡു

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി നേരിട്ടു തിരഞ്ഞെടുത്തത് 9943 പേരെ. ഇവരില്‍ 3126 പേരും കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം ജില്ലയില്‍ നിന്ന് 2276 പേര്‍ക്കാണ് അവസരം. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് അവസരം ലഭിച്ചവര്‍. 36 പേര്‍ക്കാണ് ഇവിടെനിന്ന് അവസരം. അവസരം ലഭിച്ചവര്‍ വിമാനക്കൂലിയിനത്തില്‍ ആദ്യഗഡുവായ 81,000 രൂപ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയോ ഏതെങ്കിലും ശാഖയില്‍ അതത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. ഇതിന്റെ പേ-ഇന്‍സ്ലിപ്പിന്റെ ഒറിജിനല്‍ കോപ്പിയും ഒരു ഫോട്ടോ കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും വേണം. പണം അടയ്‌ക്കേണ്ട തിയ്യതി ട്രെയിര്‍മാര്‍ വഴിയും കവര്‍ ലീഡര്‍ വഴിയും അറിയിക്കും. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ച് അടച്ചാല്‍ മതി. പേ-ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം. പണം അടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേക റഫറന്‍സ് നമ്പറുകളുണ്ട്. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാണ്. ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് മത്രമേ പണം അടയ്ക്കാന്‍ പാടുള്ളൂ. തെറ്റായ രീതിയില്‍ പണമടച്ചാല്‍ അവസരം നഷ്ടമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെയിനര്‍മാരെ ബന്ധപ്പെടണം. രണ്ടാം ഗഡു പണമടയ്ക്കല്‍, ഹജ്ജ് ക്ലാസ്, കുത്തിവയ്പ്, യാത്രാ തിയ്യതി തുടങ്ങിയവ അറിയിക്കുന്നതിനും മറ്റുമായി 260 ട്രെയിനര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും ഫീല്‍ഡ് ട്രെയിനര്‍മാരെക്കുറിച്ചുള്ള വിവരം ജില്ലാ ട്രെയിനര്‍മാരില്‍ നിന്നും ലഭ്യമാവും. പഠനക്ലാസുകളും പരിശീലനവും ഏപ്രിലില്‍ നടത്തും. പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ ടി ഭാസ്‌കരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഹജ്ജ് കമ്മിറ്റി അംഗമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ അഡ്വ. കെഎന്‍എ ഖാദര്‍, കെ മുഹമ്മദുണ്ണി ഹാജി, സിപി മുഹമ്മദ്, എ കെ അബ്ദുറഹ്മാന്‍, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, ഹജ്ജ് കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് സംബന്ധിച്ചു.
Next Story

RELATED STORIES

Share it