Kannur

ഹക്കീം വധം സമര-നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സി.ബി.ഐയെത്തുന്നു

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമി(47)ന്റെ മൃതദേഹം മദ്‌റസയ്ക്കു പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഒടുവില്‍ സി.ബി.ഐയെത്തുന്നു. മാസങ്ങ ള്‍ നീണ്ട നിയമമയുദ്ധത്തിനും സമരവേലിയേറ്റങ്ങള്‍ക്കുമൊടുവിലാണ് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഹക്കീമിന്റേത് കൊലപാതകമാണെന്നു ജില്ലാ പോലിസ് മേധാവി തന്നെ വ്യക്തമാക്കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതിലൂടെ വിവാദത്തിലായ കേസില്‍ സാക്ഷികള്‍ ഭയം കാരണം പിന്‍മാറിയതാണു അന്വേഷണം മന്ദഗതിയിലാക്കിയത്. മാത്രമല്ല, പ്രതികളുടെ ഉന്നത രാഷ്ട്രീയബന്ധവും അറസ്റ്റ് വൈകാന്‍ കാരണമായതായി ആക്ഷേപമുയര്‍ന്നിരുന്നു. രാഷ്ട്രീയവിവാദങ്ങള്‍ക്കു വരെ കാരണമായ കേസിലെ പ്രതികളെ കുറിച്ചു പ്രദേശവാസികളിള്‍ അഭ്യൂഹം പരക്കുമ്പോഴും പോലിസ് ഇരുട്ടില്‍ തപ്പിയതോടെ സംയുക്ത സമരസമിതി രൂപീകരിച്ച് സത്യാഗഹം നടത്തിയിരുന്നു. സത്യാഗ്രഹം 100 ദിവസം പിന്നിട്ടിട്ടും പോലിസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ലാതായതോടെ നിരാഹാരം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനിടെയാണ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സി.ബി.ഐയ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമരസമിതിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതാണ് സി.ബി.ഐ. അന്വേഷണത്തിനു കാരണമായത്.കേസന്വേഷിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംയുക്ത സമരസമിതി ഇന്നലെ നടത്താന്‍ നിശ്ചയിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസ് മാര്‍ച്ച് മാറ്റിവച്ചു. സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാക്കി പ്രതികളെ പിടികൂടുക അല്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറുക എന്നീ ആവശ്യം ഉന്നയിച്ചാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.  ആവശ്യം കോടതി ഉത്തരവിലൂടെ യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് സമരം മാറ്റിയത്. 100 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനു പുറമെ, രണ്ട് ഹര്‍ത്താലുകള്‍, രണ്ടു തവണ ദേശീയപാത ഉപരോധം, മനുഷ്യചങ്ങല തുടങ്ങി നിരവധി സമര പരിപാടികളാണ് നടത്തിയിരുന്നത്. സംയുക്ത സമരസമിതി നടത്തിയ സമരങ്ങളുടെ വിജയം കൂടിയാണ് കോടതി വിധിയെന്ന് ചെയര്‍മാന്‍ സി കൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.  സി.ബി.ഐക്കു വിട്ടതിനെ തുടര്‍ന്ന് സമിതി പൊതുയോഗം നടത്തി. സി കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജി ഡി നായര്‍, ടി പുരുഷോത്തമന്‍, കെ വി ലളിത, കെ വി ബാബു, കെ ദേവി പങ്കെടുത്തു. 2014 ഫെ ബ്രുവരി 10നാണ് ജുമാമസ്ജിദിലെ റിസീവറായ അബ്ദുല്‍ ഹക്കീം കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it