ഹംഗറി അയഞ്ഞു, അഭയാര്‍ഥികള്‍ക്ക് ഓസ്ട്രിയയിലേക്ക് പോകാന്‍ അനുമതി

ന്യൂയോര്‍ക്ക്: തലസ്ഥാനമായ ബുഡാപെസ്റ്റിലെ അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷനിലെത്തിയ അഭയാര്‍ഥികളെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ ഹംഗറി അനുവാദം നല്‍കി. ഇവര്‍ക്കായി ബസ് സൗകര്യവും ഹംഗറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയന്‍ അതിര്‍ത്തിയിലേക്ക് പോകുന്നതിനായി ട്രെയിനില്‍ എത്തിയ അഭയാര്‍ഥികളെ ബിക്‌സെ പട്ടണത്തില്‍ ഇറക്കാനുള്ള അധികൃതരുടെ ശ്രമം കഴിഞ്ഞദിവസം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. നൂറുകണക്കിന് അഭയാര്‍ഥികളെ ബുഡാപെസ്റ്റിലെ അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
സമീപത്തെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.അഭയാര്‍ഥിയായി ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ചേക്കേറുന്നതിനു വിഘാതമാവുമെന്ന അഭയാര്‍ഥികളുടെ ആശങ്കയാണ് ഇതിന് തടസമായത്.
അതേസമയം പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്നാണ് അഭയാര്‍ഥികളോടുള്ള നിലപാടില്‍ ഹംഗറി അയവു വരുത്തിയതെന്ന്്് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്്്. അഭയാര്‍ഥികളോടുള്ള ഉദാസീന നിലപാട് വെടിഞ്ഞ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ രണ്ടുലക്ഷം പേരെ സ്വീകരിക്കണമെന്നു യു.എന്‍. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനു യൂനിയന്‍ മുഴുവന്‍ ശക്തിയും പുറത്തെടുക്കണമെന്നാണ് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍. ഏജന്‍സി മേധാവി അന്റോണിയോ ഗട്ടിറസ് ആവശ്യപ്പെട്ടത്്്. പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ യോഗം അഭയാര്‍ഥി ഭാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ശക്തമായ തര്‍ക്കങ്ങള്‍ക്ക്് വേദിയായിരുന്നു.
Next Story

RELATED STORIES

Share it