palakkad local

സൗരോര്‍ജ കാര്‍ഷികോല്‍പന്ന ഉണക്കുകേന്ദ്രം ഭാര്‍ഗവീനിലയം കണക്കെ

ആലത്തൂര്‍: ഏതു മഴക്കാലത്തും നെല്ലും കൊപ്രയും മറ്റു കാര്‍ഷിക വിളകളും കുറഞ്ഞ ചിലവില്‍ ഉണക്കിയെടുക്കാന്‍ കര്‍ഷകര്‍ക്ക് ഒരാശ്രയ കേന്ദ്രം. ആലത്തൂരില്‍ ആരംഭിച്ച വിവിധോദ്ദ്യേശ്യ സൗരോര്‍ജ കാര്‍ഷികോല്‍പന്ന ഉണക്കു കേന്ദ്രത്തിന്റെ ലക്ഷ്യം ഇതായിരുന്നു. ജപ്പാനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാല്‍കോടി ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചത്.
സംസ്ഥാനത്ത് സൗരോര്‍ജ്ജ വിവാദമൊക്കെ ഉണ്ടാവുന്നതിനും 30 വര്‍ഷം മുമ്പായിരുന്നു ഇത്. പാരമ്പര്യേതര ഊര്‍ജസ്രോതസ്സ് കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി. 1984 ഫെബ്രുവരിയില്‍ കേന്ദ്ര വ്യവസായ മന്ത്രി എന്‍ ഡി തിവാരി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
എന്‍ഐടിസി, ഡിഎസ്ടി എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. പുതിയ സൗരോര്‍ജ സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടറിവുകൂടിയില്ലാത്ത സമയത്ത് സാധാരണക്കാര്‍ ഉപയോഗിക്കാന്‍ വൈമുഖ്യം കാട്ടി.
ഉണക്കാനുള്ള ഉല്‍പന്നങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരാനും തിരിച്ചു കൊണ്ടു പോവാനുമുള്ള വാഹന വാടക കയറ്റിറക്കു കൂലി എന്നിവ താങ്ങു വിലയൊന്നുമില്ലാതിരുന്ന അക്കാലത്ത് കര്‍ഷകര്‍ക്ക് അധിക ബാധ്യതയായി. സൗരോര്‍ജ സാങ്കേതിക വിദ്യയുടെ ഇന്ത്യയിലെ ശൈശവഘട്ടത്തില്‍ ഇത് സംബന്ധിച്ചുള്ള അജ്ഞതയും പ്രശ്‌നമായി. സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് പുതിയൊരു പരീക്ഷണം നടത്തുംമുമ്പുള്ള ഗൃഹപാഠവും ഉണ്ടായില്ല.
വിദേശമാതൃക അതേപോലെ പകര്‍ത്തിയത് വിനയായി. ഉണക്കു കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം അശാസ്ത്രീയമായിരുന്നു. വയലിന്റെ സാമീപ്യം മൂലം തറയില്‍ നിന്ന് എല്ലാ സമയവും വെള്ളം കിനിയുന്ന അവസ്ഥ പ്ലാന്റിന് പ്രതികൂലമായി. സൗരോര്‍ജം എല്ലാ സമയവും കിട്ടാതെ ഉണക്കല്‍ ശ്രമകരമായി. വൈകാതെ യന്ത്രത്തിന്റെ സാങ്കേതിക തകരാറുകളും പ്രശ്‌നമായി.
യന്ത്രം പണിമുടക്കി. സ്വാഭാവികമായും കര്‍ഷകര്‍ എത്താതെയായി. ഒരു കൊല്ലം പോലും തികച്ച് പ്രവര്‍ത്തിക്കാതെ പ്ലാന്റ് അടച്ചുപൂട്ടി. ആലത്തൂര്‍ ദേശീയപാതയില്‍ സ്വാതി ജങ്ഷനു സമീപം വെയര്‍ഹൗസ് വളപ്പില്‍ പൂട്ടിപ്പോയ മോഡേണ്‍ റൈസ് മില്ലിനു സമീപം കാടുപിടിച്ച കെട്ടിടവും പൊട്ടിപ്പൊളിഞ്ഞ സോളാര്‍ പാനലുകളുമായി ഭാര്‍ഗവീ നിലയം കണക്കെയാണതിപ്പോള്‍.
Next Story

RELATED STORIES

Share it