Gulf

സൗരോര്‍ജ ഉല്‍പ്പാദനത്തിന് പുതിയ കമ്പനി

ദോഹ: സൗരോര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കമ്പനി രൂപീകരിക്കുന്നു. സോളാര്‍ പവര്‍ ഇലക്ട്രിസിറ്റി ജനറേഷന്‍ കമ്പനിയായ സെരാജ് എനര്‍ജിക്ക് സാമ്പത്തിക-നിക്ഷേപകാര്യ ഉന്നതാധികാര സമിതി(സുപ്രിം കൗണ്‍സില്‍ ഫോര്‍ എക്കണോമിക് അഫയേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്) യോഗം അംഗീകാരം നല്‍കി. സുപ്രിം കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്. കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ യോഗമായിരുന്നു. കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും പങ്കെടുത്തു. ഖത്തര്‍ പെട്രോളിയത്തിന്റെയും ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലാണ് സെരാജ് എനര്‍ജി കമ്പനി രൂപീകരിക്കുക. കമ്പനിക്ക് അനുവദിക്കുന്ന ഫണ്ട്, സൗരോര്‍ജത്തിലൂടെ വൈദ്യുതി വികസിപ്പിക്കുന്ന പദ്ധതി എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. സാമ്പത്തിക നിക്ഷേപ രംഗങ്ങളിലെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കൗണ്‍സില്‍ സെക്രട്ടറി ജനറലും സാമ്പത്തിക കാര്യമന്ത്രിയുമായ അലി ശരീഫ് അല്‍ഇമാദി പറഞ്ഞു.
ബര്‍സാന്‍ ഗ്യാസ് കമ്പനിയുടെ ധനകാര്യ നിബന്ധന കരാറിനും കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it