സൗദി ശിയാ പള്ളിയില്‍ ആക്രമണം; നാലു മരണം; 18 പേര്‍ക്ക് പരിക്ക്; അക്രമികളില്‍ ഒരാള്‍ പിടിയില്‍

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ അസ മേഖലയിലെ മഹാസീന്‍ ടൗണിലെ ഇമാം റിദ മസ്ജിദില്‍ ആക്രമണം. ജുമുഅഃ നിസ്‌കാരത്തിനിടെ രണ്ടംഗ സംഘം നടത്തിയ സ്‌ഫോടനത്തിലും വെടിവയ്പിലും ചുരുങ്ങിയതു നാലുപേര്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു.
അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാളെ പിടികൂടുകയും ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ രണ്ടു പേരില്‍ ഒരാളാണ് സ്‌ഫോടനം നടത്തിയത്. ആക്രമണം നടത്താന്‍ ഉദ്ദേശിച്ച് രണ്ടു പേര്‍ മസ്ജിദിനകത്തേക്ക് പ്രവേശിക്കുന്നതു കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പരിക്കേറ്റ അക്രമികളില്‍ ഒരാളെ പിടികൂടിയതായും ഇയാളില്‍നിന്ന് ബെല്‍റ്റ് ബോംബ് കണ്ടെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തോക്കുധാരികള്‍ ജുമുഅഃ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ സ്‌ഫോടനവും നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
സംഭവം നടന്നയുടനെ സുരക്ഷാസേനയും ആംബുലന്‍സുകളും മസ്ജിദ് വളഞ്ഞു. രോഷാകുലരായ ജനക്കൂട്ടം അക്രമിയെന്ന് കരുതുന്നയാളെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസ് ആകാശത്തേക്ക് വെടിവച്ച് ഇയാളെ കൊണ്ടുപോവുന്നതിന്റെയും പള്ളിയുടെ ഉള്ളില്‍ ഏതാനും പേര്‍ മരിച്ചുകിടക്കുന്നതിന്റെയും പരിക്കേറ്റതിന്റെയും വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം ശിയാ പള്ളികള്‍ക്കു നേരെ ഐഎസ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആക്രമണത്തെ അധികൃതര്‍ കാണുന്നത്. 2015 ആഗസ്തില്‍ സൗദിയിലെ ഒരു പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ അസയിലെ ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ആക്രമണം നടത്തുന്നത് ഐഎസിന്റെ പതിവാണ്.
Next Story

RELATED STORIES

Share it