സൗദി വിഷന്‍ 2030ന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: 15 വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വികസിത രാഷ്ട്രമായി സൗദി അറേബ്യയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള സൗദി വിഷന്‍ 2030ന് മന്ത്രിസഭയുടെ അംഗീകാരം.
സാമ്പത്തിക വികസനകാര്യ സമിതി തലവനും രണ്ടാം കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ മുന്നോട്ടുവച്ച പദ്ധതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 2020ഓടെ പെട്രോളിനെ ആശ്രയിക്കാതെ തന്നെ സാമ്പത്തിക രംഗത്ത് പിടിച്ചുനില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ സാമ്പത്തിക വികസന സമിതിക്ക് പൂര്‍ണ അനുവാദം നല്‍കി. അടുത്ത 15 വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക, വികസന പാതയിലേക്കുള്ള ഒരു കാഴ്ചപ്പാടാണ് ഇതെന്നും വിഷന്‍ 2030ല്‍ അരാംകോ നിര്‍ണായക പങ്കാളിത്തം വഹിക്കുമെന്നും രണ്ടാംകിരീടാവകാശിയും സാമ്പത്തിക-വികസനകാര്യ സമിതി തലവനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്നും സൗദിയില്‍ വിദേശികളായ മുസ്‌ലിംകള്‍ക്കും അറബികള്‍ക്കും ദീര്‍ഘകാലം താമസിക്കാന്‍ അവസരം നല്‍കുന്നതാണ് ഗ്രീന്‍കാര്‍ഡ് പദ്ധതിയെന്നും രണ്ടാംകിരീടാവകാശി വ്യക്തമാക്കി. നികുതി നല്‍കി അധിവസിക്കുന്നതിന് വിദേശികള്‍ക്ക് അവസരം ഒരുക്കുന്ന ഗ്രീന്‍ കാര്‍ഡ് പദ്ധതിയിലൂടെ രാജ്യത്തിന് വന്‍നിക്ഷേപം ലഭിക്കും. രാജ്യത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും മാനിച്ചുകൊണ്ട് എല്ലാ രാജ്യത്തെയും പൗരന്‍മാര്‍ക്കായി വിനോദസഞ്ചാര മേഖല തുറന്നുകൊടുക്കുമെന്നും ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രണ്ടാം കിരീടാവകാശി വ്യക്തമാക്കി.
ഇന്ധനവില കൂടിയാലും കുറഞ്ഞാലും വിഷന്‍ 2030 നടപ്പാക്കും. 2020 ഓടെ രാജ്യത്ത് 15 ദശലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് സൂചന. 2030ല്‍ ഇത് 30 ദശലക്ഷമായി ഉയരുമെന്നും ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള ഹജ്ജ്-ഉംറ തീര്‍ത്ഥാടക സേവന പദ്ധതിയാണ് വിഷന്‍ 2030ല്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിക്ഷേപ, നിര്‍മാണ മേഖലകളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൗദിയെയും- ഈജിപ്തിനെയും ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കിങ് സല്‍മാന്‍ പാലം സഹായകമാവും.
Next Story

RELATED STORIES

Share it