സൗദി: വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ പഠനം നടത്തുന്നു

റിയാദ്: അമേരിക്കയില്‍ നിലവിലുള്ള ഗ്രീന്‍ കാര്‍ഡ് പോലെ സൗദി അറേബ്യയിലെ വിദേശികള്‍ക്ക് പ്രത്യേക കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടത്തുന്നതായി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. 90 ലക്ഷത്തോളം വിദേശികള്‍ അധിവസിക്കുന്ന സൗദി അറേബ്യയില്‍ ഗ്രീന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് റിയാല്‍ അധികവരുമാനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
കരുതല്‍ ധനശേഖരത്തിലേക്ക് പ്രതിവര്‍ഷം 375 ശതകോടി റിയാല്‍ വകയിരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രപദ്ധതികള്‍ ആവിഷ്‌കരിച്ചതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്ലൂംബര്‍ഗ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരിതസ്ഥിതിക്കനുസരിച്ചുള്ള മൂല്യവര്‍ധിത നികുതി, ലെവി, എനര്‍ജി ഡ്രിംഗ്‌സ്, മധുര പാനീയങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്ക് അധിക നികുതി ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ 2020 ഓടെ എണ്ണയിതര വരുമാനത്തിലൂടെ പ്രതിവര്‍ഷം 100 ശതകോടി ഡോളര്‍ നേടുകയെന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിദേശ തൊഴിലാളികളെ ജോലിക്കുവയ്ക്കുന്നവരില്‍ നിന്നു ഫീസീടാക്കുന്നതിനും പദ്ധതിയുണ്ട്. വിദേശ തൊഴിലാളികളെ ജോലിക്കുവയ്ക്കുന്നതിനു നിശ്ചയിച്ച പരിധിയില്‍ അധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നവരില്‍ നിന്നാണ് നിശ്ചിത ശതമാനം ഫീസ് ഈടാക്കുക. മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തുന്നതിലൂടെ 10 ശതകോടി റിയാലില്‍ കുറയാത്ത വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബജറ്റ് കമ്മി ചുരുക്കുന്നതിന് കഴിഞ്ഞ വര്‍ഷം ദേശീയ സുരക്ഷാ-വികസന കൗണ്‍സില്‍ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി 250 ശതകോടി റിയാലിന്റെ കമ്മി ബജറ്റ് 100 ശതകോടി റിയാലായി ചുരുക്കാന്‍ സാധിച്ചു. അടുത്ത വര്‍ഷം സപ്തംബറില്‍ ആദ്യമായി അന്താരാഷ്ട്ര ബോണ്ടുകള്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷം എണ്ണയിതര മേഖലയില്‍ നിന്ന് 44 ശതകോടി ഡോളറിന്റെ വരുമാനമുണ്ടായി. സൗദിയിലെ ആകെ വരുമാനത്തിന്റെ 35 ശതമാനമാണിത്.
Next Story

RELATED STORIES

Share it