Pravasi

സൗദി മുനിസിപ്പല്‍ കൗണ്‍സില്‍; തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

റിയാദ്: രാജ്യത്തെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇന്നലെ രാവില എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടര്‍ പട്ടികയില്‍ 1,30,000 വനിതകളുള്‍പ്പടെ 14,86477 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ച ഈ വര്‍ഷം പുരുഷന്‍മാര്‍ക്കൊപ്പം സ്ഥാനാര്‍ഥികളായി സ്ത്രീകളും രംഗത്തുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമായി 424 പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
18 വയസ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കിയ ഈ വര്‍ഷം 978 വനിതകളും 6000 പുരുഷന്‍മാരുമാണ് ആദ്യം മല്‍സര രംഗത്തുണ്ടായിരുന്നത്. അവസാന ഘട്ടത്തില്‍ ഇത് 6440 ആയി ചുരുങ്ങി. 1296 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സൗദിയിലെങ്ങും ഒരുക്കിയിരുന്നത്. 12 ദിവസം നീണ്ടുനിന്ന പ്രചാരണ പരിപാടികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നിയമംലംഘിച്ച 235 സ്ഥാനാര്‍ഥികളെ മല്‍സര രംഗത്ത് നിന്ന് ഒഴിവാക്കിയതായി സൗദി തിരഞ്ഞെടുപ്പ് സമിതി തലവന്‍ ജുദയ്അ് അല്‍ഖഹ്താനി പറഞ്ഞു. പുതിയ വോട്ടര്‍മാരില്‍ 24 ശതമാനം പേരും വനിതകളാണ്. റിയാദ് ജിദ്ദ, മക്ക മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോളിങ് ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ നല്ല തിരക്ക് അനുഭവപെട്ടിരുന്നു. എന്നാല്‍ തബുക്കിലെ ബൂത്തുകളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ എത്തിയവര്‍ കുറവായിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ 33,000 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി നഗരസഭാ മേധാവി അറിയിച്ചു.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് ഉച്ചക്ക് അറിയാന്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി മേധാവി പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം പോലിസിനെയും മറ്റു സുരക്ഷാ വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
സൗദിയില്‍ 2005ലും 2011ലുമാണ് മുമ്പ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു രണ്ട് തിരഞ്ഞെടുപ്പിലും വോട്ടവകാശം.
മൊത്തം മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നില്‍ രണ്ട് സീറ്റിലേക്കാണ് (2100 സീറ്റ്) ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 1050 സീറ്റുകളിലെ അംഗങ്ങളെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നാമനിര്‍ദേശം ചെയ്യും. 2015ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അന്തരിച്ച സൗദി മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു. അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് ഉന്നത ഉപദേശക സമിതിയായ ശൂറ കൗണ്‍സിലിലേക്ക് 30 വനിതകളെ നാമനിര്‍ദേശം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it