Editorial

സൗദി-ഇറാന്‍ സംഘര്‍ഷം അപകടകരം

തെഹ്‌റാനില്‍ നിന്നു തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചുകൊണ്ട് കുവൈത്ത് കൂടി സൗദി അറേബ്യയുടെ പക്ഷം ചേര്‍ന്നതോടെ ഗള്‍ഫ് മേഖലയിലെ ശിയാ-സുന്നി വിഭാഗീയത കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. സൗദി അറേബ്യയിലെ ആദരണീയനായ ശിയാ പണ്ഡിതന്‍ ശെയ്ഖ് നിംറ് ബാഖിര്‍ നിംറിനെയും മറ്റു ചിലരെയും വധശിക്ഷയ്ക്കു വിധേയമാക്കിയതാണ് ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങള്‍ പെട്ടെന്നു വഷളാക്കിയത്. 2011ലെ അറബ് ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമായി പ്രക്ഷോഭം നടത്തിയതിനാണ് ശെയ്ഖ് നിംറിനെ ഭരണകൂടം വധിക്കുന്നത്. ഇറാനെ കൂടാതെ പല അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും നിംറിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും റിയാദ് അത് അവഗണിക്കുകയായിരുന്നു.

ശിയാ-സുന്നി സംഘര്‍ഷം മേഖലയെ പൊതുവില്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന സിറിയയിലെ അലവി ശിയാക്കളുടെ നേതാവായ ബശ്ശാറുല്‍ അസദിന്റെ ക്രൂരമായ ഏകാധിപത്യ ഭരണത്തിനെതിരെയുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ ഇറാന്‍ ബശ്ശാറിന്റെ പക്ഷത്ത് നില്‍ക്കുന്നു. ലബ്‌നാനിലെ ഹിസ്ബുല്ലാ പോരാളികള്‍ ഇറാന്‍ വിപ്ലവ നേതാവ് ഇമാം ഖുമൈനിയുടെ സുന്നി-ശിയാ സൗഹൃദത്തിന്റെ മുദ്രാവാക്യം ഉപേക്ഷിച്ച് ബശ്ശാറിനു വേണ്ടി പടവെട്ടുന്നു. മറുഭാഗത്ത് സൗദി അറേബ്യയും ഗള്‍ഫ് ഏകാധിപത്യങ്ങളും യമനില്‍ ഹൂഥി ശിയാക്കള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം ലഭിക്കുന്നത് തടയുന്നതിനായി സൈനികമായി ഇടപെടുന്നു. സമീപകാലത്തൊന്നും അവസാനിക്കാത്തവിധം യമനില്‍ സംഘര്‍ഷം നീറിപ്പുകഞ്ഞ് പൊട്ടിത്തെറിച്ച് ഇഴഞ്ഞുനീങ്ങുന്നു. സുന്നികളും ശിയാക്കളും അറബ് ലോകത്ത് പുതുതായി ഉണ്ടായ വിഭാഗീയതകളല്ല.

പലയിടത്തും ശിയാക്കളും സുന്നികളും മാറിമാറി ഭരിച്ചതാണ് മധ്യപൗരസ്ത്യത്തിന്റെ ചരിത്രം. ഇറാഖില്‍ യുഎസ് വരുന്നതുവരെ സൗഹാര്‍ദത്തിലായിരുന്നു ഇരുവിഭാഗങ്ങളും ജീവിച്ചിരുന്നത്. ഇരുകൂട്ടരും വിവാഹം കഴിക്കുകയും ഒന്നിച്ചു ജീവിക്കുകയും ചെയ്തിരുന്നു. സൗദികളും ഇറാനികളും തമ്മിലുള്ള മല്‍സരത്തില്‍ ഇരുകൂട്ടരും മതപരമായ ചെറിയ അന്തരങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. അമേരിക്കയും ഇറാനും ആണവശക്തിയുടെ പേരില്‍ ഉണ്ടായ പിണക്കം ഏതാണ്ട് അവസാനിക്കുന്നുവെന്നു വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വടംവലി രൂക്ഷമായത്. ശെയ്ഖ് നിംറിന്റെ വധം എരിതീയില്‍ എണ്ണയൊഴിച്ചതിനു തുല്യമാണെങ്കിലും ഇരുഭരണകൂടങ്ങളും വിചിത്രമായ പല കുറ്റങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതില്‍ പരസ്പരം മല്‍സരിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ അഭാവം ഗള്‍ഫ് നാടുകളിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു തടസ്സം നില്‍ക്കുന്നു.

ജനാധിപത്യവല്‍ക്കരണവും കൂടിയാലോചനയുമാണ് സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒരു മാര്‍ഗം. യുഎന്‍ രക്ഷാസമിതിയും മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളും, ഇരുരാജ്യങ്ങളും തമ്മിലുള്ള വഴക്കു തീര്‍ക്കാന്‍ മുമ്പോട്ടുവരുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ശിഥിലമായ ഗള്‍ഫ് പ്രദേശം കൂടുതല്‍ വലിയ രക്തച്ചൊരിച്ചിലിന്റെ പടനിലമാവും. ഒരു ലോകയുദ്ധത്തിനു തന്നെ കാരണമായേക്കാവുന്നവിധം അപകടകരമാണത്.
Next Story

RELATED STORIES

Share it