സൗദി അറേബ്യ: അഞ്ചു വനിതകള്‍ കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു

റിയാദ്: തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തത്തിനുള്ള നിരോധനം എടുത്തുകളഞ്ഞതിനു ശേഷം നടന്ന പ്രഥമ നഗരസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അഞ്ചു വനിതകള്‍ കൗണ്‍സിലര്‍മാരായി.
മക്ക പട്ടണത്തിനു സമീപമുള്ള മദ്രകയില്‍നിന്നു സല്‍മ ബിന്‍ത് ഹിസാബ് അല്‍ ഉദൈബി വിജയിച്ചതായി മക്ക മേയര്‍ ഉസാമ അല്‍ ബാര്‍ അറിയിച്ചു.
ജിദ്ദ പട്ടണത്തില്‍ ലാമ അല്‍ സുലൈമാനും അല്‍ ജൗഫില്‍നിന്നു ഹിനൗഫ് അല്‍ ഹസ്മിയും തബൂക്കില്‍നിന്നു മുന അല്‍ ഇമരിയും ഫദ്ഹില അല്‍ അതാവിയും വിജയിച്ച് ചരിത്രത്തില്‍ ഇടംനേടി.
സൗദി ചരിത്രത്തിലാദ്യമായാണ് വനിതകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും വോട്ട് ചെയ്യാനും അവസരം ലഭിച്ചത്.
3,159 സീറ്റുകളില്‍ 2,106 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുള്ളവരെ തദ്ദേശ വകുപ്പ് നാമനിര്‍ദേശം ചെയ്യും. മല്‍സരിച്ച 6,917 സ്ഥാനാര്‍ഥികളില്‍ 979 പേര്‍ വനിതകളാണ്. 14,86,477 വോട്ടര്‍മാരാണുള്ളത്. 1,30,637 പേര്‍ വനിതകളാണ്. ഔദ്യോഗികഫലം ഞായറാഴ്ച വൈകീട്ടോടെ പുറത്തുവരുമെന്നു തിരഞ്ഞെടുപ്പ് കമീഷന്‍ ജുദൈഅ് അല്‍ഖഹ്താനി അറിയിച്ചു. വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതിലൂടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക അധ്യായമാണ് തുറക്കപ്പെട്ടതെന്നും പരമാവധി കുറ്റമറ്റരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റാണ് ഉപയോഗിച്ചത്. സുതാര്യതയ്ക്കു വേണ്ടിയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഒഴിവാക്കിയതെന്നു കമ്മീഷന്‍ വ്യക്തമാക്കി. നാലുവര്‍ഷമാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി. ജനങ്ങളുമായി സംവദിച്ച് ആവശ്യങ്ങള്‍ക്കു പരിഹാരം കെണ്ടത്തുകയാണ് കൗണ്‍സിലിന്റെ ചുമതല. ജനുവരി ഒന്നിന് പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കും.
Next Story

RELATED STORIES

Share it