Flash News

സൗദിയുടെ ഭീകരതാവിരുദ്ധസഖ്യം: വിദേശമണ്ണില്‍ സൈനികരെ ഇറക്കാതെയുള്ള സഹകരണത്തിന് പാകിസ്ഥാന്‍

സൗദിയുടെ ഭീകരതാവിരുദ്ധസഖ്യം: വിദേശമണ്ണില്‍ സൈനികരെ ഇറക്കാതെയുള്ള സഹകരണത്തിന് പാകിസ്ഥാന്‍
X
  FO-paknew

ഇസ്ലാമാബാദ് : ഭീകരവാദത്തെ നേരിടുന്നതിന് സൗദി നേതൃത്വം നല്‍കുന്ന 34 രാഷ്ട്രങ്ങളുടെ സംയുക്തസേനയുമായി സഹകരിക്കുന്നതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പാകിസ്താന്‍ ഏകദേശധാരണയായതായി സൂചന. മറ്റു രാജ്യങ്ങളില്‍ സൈനികരെ വിന്യസിക്കാതെ മറ്റു രീതികളില്‍ സഖ്യവുമായി സഹകരിക്കാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത് എന്നാണ് സൂചനകള്‍. ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയ്ക്കു നല്‍കിയ രഹസ്യ വിശദീകരണത്തില്‍ പാകിസ്താന്‍ വിദേശകാര്യ ഓഫിസ് അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.

[related]വിദേശ മണ്ണിലെ സൈനിക വിന്യാസം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ അറിയിച്ചതായി പാകിസ്താനിലെ ഡോണ്‍ പത്രം റിപോര്‍ട്ടു ചെയ്തു. സൗദി നേതൃത്വം നല്‍കുന്ന സംയുക്തസേനയിലെ അംഗരാഷ്ട്രങ്ങളുടെ സൈനികര്‍ക്ക് പരിശീലനവും സൈനിക ഉപകരണങ്ങളും നല്‍കാനും ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറാനും പാകിസ്താന് താല്‍പര്യമുണ്ടെന്ന് സ്ഥിരം സമിതിയിലെ അംഗങ്ങള്‍ വെളിപ്പെടുത്തിയതായും പത്രം റിപോര്‍ട്ട് ചെയ്തു. തീവ്രവാദ ആശയങ്ങളെ നേരിടാനുള്ള പദ്ധതിക്ക് രൂപം നല്‍കാന്‍ സൗദിയുമായി പാകിസ്താന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സൂചനകളുണ്ട്. ഇതിനായി രണ്ടുരാജ്യങ്ങളും മതനേതാക്കളെ ഉപയോഗപ്പെടുത്തുവാനാണ് ആലോചിക്കുന്നത്.
ഭീകരവാദത്തിനെതിരായ സൗദി നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ പങ്കാളിയാവുമെന്ന് പാകിസ്താന്‍ നേരത്തേ അറിയിച്ചിരുന്നതാണെങ്കിലും ഏതളവിലുള്ള സഹകരണമാണ് ഉണ്ടാവുകയെന്നത് സംരംഭത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞശേഷമേ തീരുമാനിക്കാനാകൂ എന്നാണ് വ്യക്തമാക്കിയിരുന്നത്.
സൗദിയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ കഴിഞ്ഞാഴ്ച പാകിസ്താന്‍ സന്ദര്‍ശിച്ച് സഖ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് പാകിസ്താന്‍ ഏകദേശധാരണയിലെത്തിക്കഴിഞ്ഞു എന്നാണ് സൂചന.
ഭീകരതാവിരുദ്ധ സഖ്യത്തെക്കുറിച്ചും ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച സാഹചര്യങ്ങളും വിദേശകാര്യഓഫിസ് പാര്‍ലിമെന്ററിസമിതിക്ക് മുമ്പാകെ വ്യക്തമാക്കി.
ജിസിസി രഷ്ട്രങ്ങള്‍ക്ക് പുറമേ ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും സഖ്യത്തിലുണ്ടാകും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും സഖ്യത്തിലുണ്ട്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ അംഗങ്ങളാണ് സഖ്യത്തിലുണ്ടാവുകയെന്ന് സൗദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേ ഇന്തോനേഷ്യ ഉള്‍പ്പെടെ പത്ത് രാഷ്ട്രങ്ങള്‍ കൂടി സഖ്യത്തില്‍ അണിചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it