സൗദിയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

ആനക്കര (പാലക്കാട്): ദമ്മാമില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉംറ സംഘത്തിന്റെ അമീര്‍ പട്ടാമ്പി പരുതൂര്‍ ചെമ്പുലങ്ങാട് ഇയ്യംമടയ്ക്കല്‍ മുഹമ്മദിന്റെ മകന്‍ കബീര്‍ സഖാഫി (36), മലപ്പുറം കോഡൂര്‍ സ്വദേശി കോഡൂര്‍ കുഞ്ഞാന്‍ എന്ന സെയ്തലവി (54), ഡ്രൈവര്‍ മംഗലാപുരം സ്വദേശി ഷൗക്കത്ത് (37) എന്നിവരാണു മരിച്ചത്.
കബീര്‍ സഖാഫിയും സെയ്തലവിയും സംഭവസ്ഥലത്തും ബസ് ഡ്രൈവര്‍ ഷൗക്കത്ത് റിയാദ് ഷുമൈസി ആശുപത്രിയിലുമാണു മരിച്ചത്. അടുത്ത ദിവസം നാട്ടിലേക്കു തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷൗക്കത്ത്. സെയ്തലവി സന്ദര്‍ശകവിസയില്‍ 10 ദിവസം മുമ്പാണ് കുടുംബസമേതം സൗദിയിലെത്തിയത്. സെയ്തലവിയുടെ ഭാര്യയും മകനും സഹോദരന്മാരും ഉള്‍പ്പെടെ 15 പേര്‍ സംഘത്തിലുണ്ടായിരുന്നു.
റിയാദില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ദമ്മാം-റിയാദ് ഹൈവേയില്‍ ചെക്‌പോയിന്റ് ജിദൂദ് എന്ന സ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
കബീര്‍ സഖാഫിയുടെ ഭാര്യ: റംല. മക്കള്‍: മുഹമ്മദ് ഉനൈസ്, മുഹമ്മദ് സ്വാലിഹ്, ഫാത്തിമ ഹന്നത്ത്, ഫാത്തിമ ഹാല. ഉമ്മ: ആമിന. സെയ്തലവിയുടെ ഭാര്യ: ഹാജറ. മക്കള്‍: ശംസുദ്ദീന്‍, ഷംസീയ, ഷംറീന, ഷഹീറത്ത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ദേശിയ ബാലതരംഗം സംസ്ഥാന ഓര്‍ഗനൈസര്‍, സേവാദള്‍ ജില്ലാ കോ-ഓഡിനേറ്റര്‍, കോണ്‍ഗ്രസ് മലപ്പുറം ബ്ലോക്ക് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സെയ്തലവി ടെലി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it