Pravasi

സൗദിയില്‍ തൊഴില്‍ നിയമഭേദഗതി ഇന്നുമുതല്‍ പ്രാബല്യത്തില്‍

ജിദ്ദ: സൗദിയില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നു തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി. ഭേദഗതി വരുത്തിയ 38 നിയമങ്ങളെ സംബന്ധിച്ചു വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയില്‍ പ്രതിമാസം 10,000 പുതിയ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

വര്‍ഷത്തില്‍ 1.2 ലക്ഷം സ്ഥാപനങ്ങളാണു പുതുതായി ആരംഭിക്കുന്നത്. അതിനാല്‍ രാജ്യത്തു കൂടുതല്‍ തൊഴിലാളികളെ ആവശ്യമുണ്ട്. പരിഷ്‌കരിച്ച തൊഴില്‍നിയമം 53ാം വകുപ്പുപ്രകാരം തൊഴിലാളിയുടെ മൂന്നുമാസത്തെ പരീക്ഷണകാലഘട്ടം ആറുമാസം വരെ (പരമാവധി 180 ദിവസം) നീട്ടാവുന്നതാണ്. തൊഴിലാളിയെ പുതിയ ജോലിസ്ഥലത്തേക്കു മാറ്റാന്‍ അയാളുടെ രേഖാമൂലമുള്ള അനുമതിവേണമെന്നും ഭേദഗതി വരുത്തിയ നിയമത്തില്‍ പറയുന്നു.

മതിയായ സ്വദേശികളെ ജോലിക്കു വയ്ക്കാത്ത സ്ഥാപനത്തിലെ വിദേശ തൊഴിലാളിയുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കുന്നതു തടയാന്‍ തൊഴില്‍മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. 50 തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ചുരുങ്ങിയത് 12 ശതമാനം തൊഴിലാളികള്‍ സ്വദേശികളായിരിക്കണം. നേരത്തെ ഇത് ആറു ശതമാനമായിരുന്നു.

തൊഴില്‍ കരാറില്‍ പറയപ്പെട്ട കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പ് സേവനം അവസാനിപ്പിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ടാവില്ല. ജോലി തുടരുന്നില്ലെങ്കില്‍ തൊഴിലുടമയ്ക്കു മതിയായ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ കാലാവധി നിശ്ചയിച്ചിട്ടില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ അവസാനിപ്പിക്കാം. പെട്ടെന്നു തൊഴില്‍ അവസാനിപ്പിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെങ്കില്‍ അതു നല്‍കണം.

നിലവില്‍ മൂന്നുവര്‍ഷത്തേക്കു നീട്ടുന്ന തൊഴില്‍ കരാറുകള്‍ നാലുവര്‍ഷംവരെയാക്കാം. കാലാവധി നിശ്ചയിക്കാതെ ആവര്‍ത്തിച്ച് മൂന്നുതവണ കരാര്‍ പുതുക്കിയിട്ടുെണ്ടങ്കില്‍ ആദ്യത്തെ കരാര്‍ കാലാവധിയോ അല്ലെങ്കില്‍ നാലുവര്‍ഷമോ അതില്‍ കുറവോ പരിഗണിക്കും. സേവനാനന്തരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തൊഴിലാളിയെ മോശമായി ചിത്രീകരിക്കുന്നതോ ജോലിസാധ്യതയെ ബാധിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല. സ്ഥാപനങ്ങളില്‍ തൊഴില്‍ സമിതികളില്ലെങ്കില്‍ തൊഴിലാളിയുടെ മേല്‍ പിഴചുമത്തുന്നതിനു മന്ത്രാലയത്തിന്റെ അനുമതി വേണം.

കൃത്യമായ തൊഴില്‍ കരാറില്ലാതെയുള്ള സ്ഥാപനങ്ങളില്‍ ജോലി അവസാനിപ്പിക്കാന്‍ 60 ദിവസം മുമ്പ് രേഖാമൂലം കത്തുനല്‍കിയിരിക്കണം. ശമ്പളം മാസവ്യവസ്ഥയിലല്ലെങ്കില്‍ 30 ദിവസം മുമ്പാണ് അറിയിപ്പ് നല്‍കേണ്ടത്. സേവനാനന്തര ആനുകൂല്യങ്ങളും തൊഴിലാളിക്ക് അവകാശപ്പെട്ട ആനുകൂല്യവും നല്‍കാതെ പിരിച്ചുവിടാന്‍ പാടില്ല. 12 മണിക്കൂറില്‍ കൂടുതല്‍ ജോലിസ്ഥലത്ത് തൊഴിലാളി ഉണ്ടാവാന്‍ പാടില്ല. നിസ്‌കാരത്തിനും ഭക്ഷണത്തിനും വേണ്ടി 30 മിനിറ്റ് സമയം നല്‍കണമെന്നും നിയമ ഭേദഗതിയില്‍ പറയുന്നു.  തൊഴിലുടമയുടെ അറിവോടെ മറ്റൊരിടത്ത് ജോലി അന്വേഷിക്കുന്നതിന് ആഴ്ചയില്‍ ഒരുദിവസമോ ഒരാഴ്ചയ്ക്കിടെ എട്ടു മണിക്കൂര്‍ നേരത്തേക്കോ അവധി എടുക്കാവുന്നതാണ്. കാരണംകൂടാതെ തൊഴിലാളി ജോലിക്കു ഹാജരാവാതിരിക്കുന്ന ദിവസങ്ങളുടെ എണ്ണം ഒരു വര്‍ഷത്തില്‍ 30 ദിവസം ആയാല്‍ തൊഴിലാളിയെ നഷ്ടപരിഹാരമോ, സേവനാനന്തര ആനുകൂല്യമോ നല്‍കാതെ പിരിച്ചുവിടാം. കാരണമില്ലാതെ തുടര്‍ച്ചയായി 15 ദിവസം ഹാജരാവാതിരുന്നാലും ഈ നിയമം ബാധകമാണ്. എന്നാല്‍ പിരിച്ചുവിടുമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് തൊഴിലാളിക്കു നല്‍കിയിരിക്കണം.

തൊഴിലാളിയുടെ വേതനം ബാങ്ക് മുഖേന നല്‍കണമെന്ന് ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരിക്കുകളുടെ സ്ഥിതിയനുസരിച്ച് 30 ദിവസം മുതല്‍ 60 ദിവസം വരെ അവധിനല്‍കണം. പരിക്കേറ്റാല്‍ ചികില്‍സാസഹായത്തിനു പുറമേ ഒരു വര്‍ഷം വരെ വേതനത്തിന്റെ 75 ശതമാനം നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.
Next Story

RELATED STORIES

Share it