സൗജന്യ ജനറിക് മരുന്ന് വിതരണം: ബജറ്റില്‍ പ്രഖ്യാപിച്ച തുക നല്‍കിയില്ല

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച തുക ധനവകുപ്പ് നല്‍കാത്തതിനാല്‍ സൗജന്യ ജനറിക് മരുന്നു വിതരണം പ്രതിസന്ധിയില്‍. മരുന്നു വാങ്ങിയ ഇനത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ബാധ്യത 150 കോടി രൂപയായി. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് മരുന്നുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടും ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിക്കാന്‍ കോര്‍പറേഷനു കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ വന്‍ വില നല്‍കി പുറത്തുനിന്നു മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍.
കൊട്ടിഘോഷിച്ചാണ് ജനറിക് മരുന്ന് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിപ്രകാരം 2013-14 വര്‍ഷം 832 ഇനം മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 2014-15 വര്‍ഷത്തേക്കുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ മരുന്നുകളുടെ എണ്ണം 771 ആയി കുറഞ്ഞു. ഇതേവര്‍ഷം പദ്ധതിക്കായി ബജറ്റില്‍ 242 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ തുകയില്‍ 165 കോടി രൂപ മാത്രമേ അനുവദിച്ചുള്ളു. 77 കോടി രൂപ ധനവകുപ്പ് കുടിശ്ശിക വരുത്തി.
സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചതോടെ 2015-16 കാലയളവില്‍ സൗജന്യ മരുന്നുകളുടെ എണ്ണം 585 ആയി വീണ്ടും ചുരുക്കി. തുടര്‍ന്ന് ബജറ്റില്‍ പദ്ധതിക്കായി 300 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും കോര്‍പറേഷനു നല്‍കിയത് 150 കോടി രൂപ മാത്രമാണ്. ലഭിച്ച തുകയ്ക്ക് പഴയ കുടിശ്ശിക തീര്‍ത്തതോടെ മരുന്നു വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയിലാണ് കോര്‍പറേഷന്‍. കോടികളുടെ കുടിശ്ശിക വന്നതോടെ കോര്‍പറേഷനുള്ള മരുന്നുവിതരണവും കമ്പനികള്‍ നിര്‍ത്തിവച്ചു. ഇതോടെ മരുന്നുക്ഷാമം രൂക്ഷമായി. ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനയിലൂടെ ലഭിക്കുന്ന തുകയില്‍ ഒരുശതമാനം സെസ്സ് മരുന്ന് വാങ്ങാന്‍ നല്‍കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പായില്ല. 153 കോടി രൂപയാണ് ഈ ഇനത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് ലഭിക്കാനുള്ളത്.
Next Story

RELATED STORIES

Share it