kannur local

സൗകര്യങ്ങളോ അധ്യാപകരോ ഇല്ല; ആര്‍എംഎസ്എ സ്‌കൂളുകളിലെ പഠനം താളംതെറ്റുന്നു

കണ്ണൂര്‍: മതിയായ സൗകര്യങ്ങളോ ആവശ്യത്തിനു അധ്യാപകരോ ഇല്ലാത്തതിനാല്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(ആര്‍എംഎസ്എ) സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനം താളംതെറ്റുന്നു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും അധ്യാപക തസ്തിക അനുവദിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയാണ് വിദ്യാര്‍ഥികള്‍ക്കു വിനയാവുന്നത്.
സ്‌കൂളുകളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ജില്ലയില്‍ മലയോരമേഖലയായ പാച്ചേനി, കുറ്റ്യേരി, ചെറിയൂര്‍, കാലിക്കടവ്, തടിക്കടവ്, രയരോം, തവിടിശ്ശേരി, പെരിങ്കിരി എന്നിവിടങ്ങളിലാണ് ആര്‍എംഎസ്എ സ്‌കൂളുകളുള്ളത്. യുപി അപ്‌ഗ്രേഡ് ചെയ്താണ് ഹൈസ്‌കൂളാക്കിയെങ്കിലും പേരിലൊതുങ്ങി. യുപി സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യം മാത്രമാണുള്ളത്. വിദ്യാര്‍ഥികളുടെ അനുപാതത്തിനനുസരിച്ച് സ്ഥിരം അധ്യാപകരെയും നിയമിച്ചിട്ടില്ല. നിലവില്‍ പഠിപ്പിക്കുന്ന അധ്യാപകരെല്ലാം താല്‍ക്കാലിക നിയമനത്തിലൂടെ എത്തിയവരാണ്. ഓരോ അധ്യാപകനും 500 രൂപയാണ് ദിവസ വേതനം നല്‍കുന്നത്. അതുമാത്രമല്ല, കെമിസ്ട്രി, ഫിസിക്‌സ്, മലയാളം, ഹിന്ദി, കണക്ക്, സോഷ്യല്‍സയന്‍സ് അധ്യാപകര്‍ക്കു മാത്രമേ ആര്‍എംഎസ്എ പദ്ധതിയില്‍നിന്ന് ശമ്പളം അനുവദിക്കുന്നുള്ളൂ. ഇംഗ്ലീഷ്, ബയോളജി, അറബിക്, സംസ്‌കൃതം അധ്യാപകര്‍ക്കുള്ള വേതനം പിടിഎ സ്വരൂപിച്ചു നല്‍കുകയാണു ചെയ്യുന്നത്.
ഒരു സ്‌കൂളില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ ശരാശരി 12 അധ്യാപകരെങ്കിലും വേണം. എന്നാല്‍ ഇവരെയൊന്നും പിഎസ്‌സി വഴി നിയമിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല.
2010-11 വര്‍ഷമാണ് ആര്‍എംഎസ്എ പദ്ധതിയില്‍ ഹൈസ്‌കൂളുകള്‍ തുടങ്ങിയത്. സ്‌കൂളുകള്‍ക്കുള്ള ഫണ്ടിന്റെ 70 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കേണ്ടത്. ഇതിനു പുറമെ എട്ടാംതരം വിദ്യാര്‍ഥികളുടെ പഠനച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇത്തരം ഉറപ്പുകളൊന്നും പാലിക്കാത്തതാണ് വിദ്യാര്‍ഥികളുടെ ഭാവിതന്നെ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ മാറിയിരിക്കുന്നത്.
അപ്‌ഗ്രേഡ് ചെയ്ത് നാലാമത്തെ അധ്യയന വര്‍ഷം പിന്നിട്ടിട്ടും ദുരിതത്തിന് അറുതിയാവാത്തതോടെയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
ഇന്നു കലക്ടറേറ്റിന് മുന്നില്‍ ഒരു വിദ്യാര്‍ഥിയും മൂന്ന് രക്ഷിതാക്കളും നിരാഹാരം അനുഷ്ഠിക്കും. രാവിലെ 10നു ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ആര്‍എംഎസ്എ സ്‌കൂളുകളില്‍ ഇന്ന് ധര്‍ണയും നടത്തും.
Next Story

RELATED STORIES

Share it