thiruvananthapuram local

സൗകര്യങ്ങളില്ല; പരാധീനതകളുടെ നടുവില്‍ കാപ്പില്‍ ആയുര്‍വേദാശുപത്രി

വര്‍ക്കല: ഇടവ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയില്‍ കാപ്പില്‍ കേന്ദ്രീകരിച്ചുള്ള ആയുര്‍വേദ ആശുപത്രി പരാധീനതകളുടെ നടുവില്‍. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം ഉദ്ദേശം ഒന്നരവര്‍ഷം മുമ്പ് നവീകരിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല.
വയറിങ് സംവിധാനം ഉള്‍പ്പടെ പലതും പുനക്രമീകരിച്ചിട്ടില്ല. വൈദ്യുതിയുടെ അഭാവം മൂലം പല ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനാവുന്നില്ലെന്ന് പരാതിയുണ്ട്. വളപ്പിനുള്ളിലെ കിണര്‍ ശുചീകരിച്ച് മേല്‍മൂടിയിട്ട് മോട്ടോര്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഇനിയം പരിഗണിക്കപ്പെട്ടിട്ടില്ല. ചുറ്റുവട്ടമാകെ പൊന്തപ്പടര്‍പ്പുകളാല്‍ മലീമസമായ നിലയിലാണ്. നവീകരിച്ച കെട്ടിടത്തിന് മുകളിലേക്ക് കടപുഴകി ചാഞ്ഞ നിലയിലുള്ള പാഴ്മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫിസര്‍ ഗ്രാമപ്പഞ്ചായത്തിന് രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടും ഇതുംസംബന്ധിച്ച നടപടി കൈക്കൊള്ളാന്‍ ഭരണസമിതി തുനിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് കിടത്തിച്ചികില്‍സക്കായി കെട്ടിടമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നു.
പദ്ധതി പ്രകാരം ഗുണഭോകൃത സമിതിയുടെ മേല്‍നോട്ടത്തില്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചതല്ലാതെ തുടര്‍പ്രവര്‍ത്തനം ഉണ്ടായില്ല. നിലവില്‍ തകര്‍ച്ച നേരിടുന്ന ഫൗണ്ടേഷന്റെ കരിങ്കല്‍കെട്ടുകള്‍ ഇളകിയ നിലയിലാണ്. മെഡിക്കല്‍ ഓഫിസര്‍, ഹൗസ് സര്‍ജന്‍, ഫാര്‍മസിസ്റ്റ് എന്നിങ്ങനെ മൂന്ന് ജീവനക്കാരാണുള്ളത്. അറ്റന്റര്‍ തസ്തികയിലേക്കുള്ള ഒഴിവ് ഇനിയും നികത്തിയിട്ടില്ല. വൃദ്ധജനങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ദൈനം ദിനം ചികില്‍സക്കെത്തുന്ന ആശുപത്രിക്ക് അവശ്യം പോന്ന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it