സ്‌ഫോടനങ്ങളില്‍ നടുങ്ങി ബെല്‍ജിയം

ബ്രസ്സല്‍സ്: തലസ്ഥാനമായ ബ്രസ്സല്‍സിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ ബെല്‍ജിയം നടുങ്ങി. പാരിസ് ആക്രമണത്തിലെ പ്രതിയെന്ന് അന്വേഷണസംഘം ആരോപിക്കുന്ന സലാഹ് അബ്ദുസ്സലാം ബ്രസ്സല്‍സില്‍ അറസ്റ്റിലായതിനു പിന്നാലെയുണ്ടായ സ്‌ഫോടനങ്ങള്‍ നാട്ടുകാരെ ഭയചകിതരാക്കിയിരിക്കുകയാണ്.
രാവിലെ എട്ടോടെ സാവന്റം വിമാനത്താവളത്തിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നാലെ മറ്റൊരു സ്‌ഫോടനവും ഇവിടെയുണ്ടായി. റോമിലേക്കുള്ള യാത്രയ്ക്കായി പരിശോധന കഴിഞ്ഞു കാത്തിരിക്കുകയായിരുന്ന സ്റ്റാര്‍ബക്‌സില്‍നിന്നുള്ള ഹോസ്റ്റ് പില്‍ഗറും കുടുംബവും സ്‌ഫോടനങ്ങളെ ഞെട്ടലോടെയാണ് ഓര്‍ത്തെടുക്കുന്നത്. പില്‍ഗറും കുടുംബവും സ്‌ഫോടനത്തില്‍ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
എട്ടോടെ ഒരു പൊട്ടിത്തെറിയുണ്ടായി. എന്താണു സംഭവിച്ചതെന്നറിയാതെ താനും ഭാര്യയും മുഖത്തോടുമുഖം നോക്കുമ്പോഴാണു കൂടുതല്‍ ശബ്ദത്തോടെ മറ്റൊരു സ്‌ഫോടനമുണ്ടായത്. കാര്‍ പാര്‍ക്കിങിനു പുറത്തുനിന്നു തീഗോളം മുകളിലേക്കുയര്‍ന്നതിനു പിന്നാലെ തങ്ങള്‍ക്കു പിറകില്‍ സീലിങ് തകര്‍ന്നുവീണു. മീറ്ററുകള്‍ക്കപ്പുറത്താണ് സീലിങ് അടര്‍ന്നുവീണത്. പുകകൊണ്ടു മൂടിയതോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതായും പില്‍ഗര്‍ പറഞ്ഞു.
ഭയചകിതരായ യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇവിടെനിന്നു പുറത്തേക്കിറങ്ങിയതോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിരവധിപേരെ കണ്ടതായും പില്‍ഗര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it