സ്‌ഫോടകശേഖരവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന 15 ചാക്ക് സ്‌ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍. ജീപ്പ് ഓടിച്ചിരുന്ന പൊന്നാനി വട്ടംകുളം എ പ്രദീപ്(26), വട്ടംകുളം മുതൂര്‍ കുമാരന്‍(53) എന്നിവരെയാണ് തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.
വെസ്റ്റ് കോഡൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വന്‍ സ്‌ഫോടക വസ്തു ശേഖരവുമായി ജീപ്പ് കണ്ടെത്തിയത്. ഇവരെ മലപ്പുറം പോലിസിനു കൈമാറി. രേഖകളില്ലാത്ത സ്‌ഫോടക വസ്തുക്കള്‍ കൈവശം വച്ചതിന് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
വെടിമരുന്ന് പുത്തനത്താണിയിലെ ക്ഷേത്രോല്‍സവത്തിനു വേണ്ടി കൊണ്ടുവന്നതാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. പൂക്കോട്ടൂരിനടുത്ത മൈലാടിയിലെ പടക്ക നിര്‍മാണ ഷെഡില്‍ നിന്നാണ് സാധനങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ കാണിച്ച രേഖയില്‍ ലൈസന്‍സുള്ള നിര്‍മാണശാലയാണെന്നു പറഞ്ഞെങ്കിലും 2013 മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. ഇലക്ഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വിജയകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ദീപക്, എഎസ്‌ഐ മുഹമ്മദ് ജാഫര്‍, സിപിഒ എം മന്‍സൂറലി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
മൈലാടിയിലെ വെടിമരുന്ന് നിര്‍മാണ ഷെഡിലും മലപ്പുറം എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് റെയ്ഡ് നടത്തി. ഇവിടെ നിന്നു ധാരാളം വെടിമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. മഞ്ചേരി പോലിസ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. 2015 മാര്‍ച്ച് 31ല്‍ അവസാനിച്ച ലൈസന്‍സില്‍ തന്നെ 15 കിലോ ഗണ്‍പൗഡര്‍ സൂക്ഷിക്കാനുള്ള അനുമതി മാത്രമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ നൂറുകണക്കിനു കിലോ വെടിമരുന്നാണ് ഇവിടെ സൂക്ഷിക്കുന്നതെന്ന് പോലിസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it