Kerala

സ്‌പോര്‍ട്‌സ് ലോട്ടറി: വന്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപോര്‍ട്ട്

സ്‌പോര്‍ട്‌സ് ലോട്ടറി: വന്‍ ക്രമക്കേട്  നടന്നതായി ഓഡിറ്റ് റിപോര്‍ട്ട്
X
sports-councilതിരുവനന്തപുരം: സംസ്ഥാനത്തെ കായിക വികസനത്തിനായി നടപ്പാക്കിയ സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ വന്‍ ക്രമക്കേടുക ള്‍ നടന്നതായി ഓഡിറ്റ് റിപോര്‍ട്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2010-11 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ടാണു പുറത്തുവന്നത്. നിലവിലെ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് പഴയ ഓഡിറ്റ് റിപോര്‍ട്ട് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
ടി പി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന 2007ലെ സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പിലാണ് വന്‍ ക്രമക്കേടുകള്‍ നടന്നത്. അന്നു പിരിച്ച 12 കോടിയില്‍ 1.34 കോടി രൂപ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് വഴി പ്രവാസികള്‍ക്കു വിറ്റഴിച്ച ടിക്കറ്റിന്റെ തുകയും സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കു ലഭിച്ചിട്ടില്ല. ലോട്ടറിയുമായി ബന്ധപ്പെട്ട കൗണ്‍സില്‍ രേഖകളില്‍ അപാകതയുണ്ടെന്നും അന്വേഷണം വേണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് ഈ റിപോര്‍ട്ടിലുള്ളത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോടികളുടെ വെട്ടിപ്പാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്നതെന്നും പത്തുവര്‍ഷത്തെ ക്രമക്കേടുകള്‍ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ജു ബോബി ജോര്‍ജ് കായികമന്ത്രി ഇ പി ജയരാജനു തുറന്ന കത്തെഴുതിയിരുന്നു. ഈ കത്തിലും ലോട്ടറിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അഞ്ജു ചൂണ്ടിക്കാട്ടിയിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ലോട്ടറി വിറ്റ വകയിലായി 12,13,36,000 രൂപ പിരിച്ചതില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നാണ് ടി പി ദാസന്റെ അവകാശവാദം. എന്നാല്‍, ഈ ഇനത്തില്‍ 1,34,22,230 രൂപ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു പിരിഞ്ഞുകിട്ടാനുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഖേനയാണ് ഗള്‍ഫിലെ ഏജന്‍സിക്ക് ലോട്ടറികള്‍ വിറ്റത്. ഈ ഇനത്തിലുള്ള മൂന്നരലക്ഷം രൂപയും ഇതുവരെ കൗണ്‍സിലിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. പൊതുജനങ്ങള്‍ക്ക് ലോട്ടറി അച്ചടിച്ച് വിതരണംചെയ്ത് പണം സ്വരൂപിച്ചതിലും കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മതിയായ അന്വേഷണം വേണമെന്നും റിപോ ര്‍ട്ടിലുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് അന്വേഷണങ്ങള്‍ക്ക് ടി പി ദാസന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മറുപടി നല്‍കിയിരുന്നില്ല.
ഓഡിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ടി പി ദാസന്‍ നിഷേധിച്ചിട്ടുമുണ്ട്. അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരുമായി നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജ് ഇടഞ്ഞതിനേ തുടര്‍ന്ന് അവരെ മാറ്റി ടി പി ദാസനെ വീണ്ടും അധ്യക്ഷനാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമായതോടെയാണ് പഴയ ഓഡിറ്റ് റിപോര്‍ട്ട് പുറത്തായത്. അഞ്ജു ബോബി ജോര്‍ജ് അഴിമതിക്കാരിയെന്ന ആരോപണവുമായി അടുത്തിടെ ടി പി ദാസനും രംഗത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it