സ്‌പോര്‍ട്‌സ് കൗണ്‍സില്‍: വിനീഷും ബിപിനും പരിഗണനയില്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ കൂടിയായ ടി പി ദാസനെ കൂടാതെ മറ്റ് ചിലരെക്കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നു. കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്‌ഐ നേതാവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷ്, കായികവിദഗ്ധനും മുന്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗവുമായ ഡോ. ജി ബിപിന്‍ എന്നിവരുടെ പേരുകളാണു പരിഗണനയിലുള്ളത്.
കായിക പ്രതിനിധികളായി കെ എം ബീനാമോള്‍, ജോര്‍ജ് തോമസ്, മേഴ്‌സി കുട്ടന്‍ എന്നീ പേരുകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കായി അണിയറനീക്കം നടന്നിരുന്നു. എന്നാല്‍, കായികരംഗവുമായി ബന്ധമുള്ള യുവനിരയെ ഭരണമേല്‍പ്പിക്കണമെന്ന പൊതുവികാരമാണു സര്‍ക്കാരിനുള്ളത്. സിപിഎം സംസ്ഥാനസമിതി യോഗമാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. ടി പി ദാസനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കാന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍, ടി പി ദാസന്റെ പേര് നിര്‍ദേശിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരായ സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പ് ചര്‍ച്ചയായി.
സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ അഞ്ജു ബോബി ജോര്‍ജ് അഴിമതി ഉന്നയിക്കുകയും 10 വര്‍ഷത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ടി പി ദാസന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉടലെടുത്തത്. ഇക്കാരണത്താല്‍ സിപിഎം സംസ്ഥാന സമിതിയുടെ കൂടി അംഗീകാരത്തിനുശേഷമാവും ടി പി ദാസന്റെ പേര് അംഗീകരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവിലെ കായികനിയമ പ്രകാരം ഒരു സമ്പൂര്‍ണ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് തന്നെയാവും നിലവില്‍ വരുന്നത്. എന്നാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നിയമഭേദഗതിക്കുശേഷം മാത്രമായിരിക്കും നടക്കുക.
Next Story

RELATED STORIES

Share it