സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആരോപണം; കായികമന്ത്രിക്ക് അഞ്ജുവിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിയാരോപണവും വിവാദ നിയമനാരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ കായിക മന്ത്രി ഇ പി ജയരാജന് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ തുറന്ന കത്ത്. താന്‍ പ്രസിഡന്റായിരുന്ന കഴിഞ്ഞ ആറുമാസത്തെ മാത്രമല്ല, 10 വര്‍ഷത്തെയോ അതിനപ്പുറമോ വരെയുള്ള തന്റെ സഹോദരന്റേതുള്‍പ്പെടെയുള്ള നിയമനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായി അന്വേഷിക്കണമെന്ന് അഞ്ജു കത്തില്‍ ആവശ്യപ്പെടുന്നു.
ജേക്കബ് തോമസിനെ പോലുള്ളവരുടെ കീഴിലുള്ള സംശുദ്ധവും സുതാര്യവുമായ അന്വേഷണമാണ് വേണ്ടത്. അതിനു തക്കതായ ശിക്ഷയും ഉറപ്പുവരുത്തണം. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ നീക്കങ്ങളെന്ന സംശയമുണ്ടെന്നും അഞ്ജു പറയുന്നു. ആറുമാസം മാത്രം ഭരണത്തിലിരുന്ന തങ്ങളുടെ ഭരണസമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറയ്ക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവരുത്. എല്ലാവരുടേയും യോജിച്ച പ്രവര്‍ത്തനമാണ് അഴിമതിക്കെതിരേ ഉണ്ടാവേണ്ടതെന്നും അതിന് തന്റെ പിന്തുണയുണ്ടാവുമെന്നും അഞ്ജു ഉറപ്പുനല്‍കുന്നു.
മുന്‍കാലങ്ങളിലുണ്ടായ പല ക്രമക്കേടുകളും അഴിമതികളും അഞ്ജു കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആറുവര്‍ഷം മാത്രം പഴക്കമുള്ള മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്റര്‍ കെട്ടിടം, മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് ടര്‍ഫ്, ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ കല്യാണമണ്ഡപങ്ങളായി രൂപപ്പെടുത്തിയത്, പിരപ്പന്‍കോട് നീന്തല്‍ക്കുളം നിര്‍മാണം, മഹാരാജാസ് കോളജിലെ ട്രാക്കുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടമായത് തുടങ്ങിയ അഴിമതികളാണ് അഞ്ജു അക്കമിട്ടു നിരത്തുന്നത്. കായിക വികസനത്തിനായി ഇറക്കിയ സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ നിന്ന് 24 കോടി പിരിച്ചതില്‍ 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടുകോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. തന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി അച്ചടിച്ച ലോട്ടറിയില്‍നിന്നാണ് ചിലര്‍ക്ക് അഴിമതിയുടെ ബമ്പര്‍ അടിച്ചതെന്നും ഇതും അന്വേഷിക്കേണ്ടതല്ലേയെന്നും അഞ്ജു ചോദിക്കുന്നു.
തന്റെ ഓഫിസില്‍നിന്ന് ഇ-മെയില്‍ ചോര്‍ത്തിയിരുന്നെന്നു പറയുന്ന അഞ്ജു കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അറിഞ്ഞ് അഴിമതിക്കു കളമൊരുക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിച്ചിരുന്നതായും സംശയിക്കുന്നു. ചോര്‍ച്ച കണ്ടെത്തിയ ഉടനെ സൈബര്‍ സെല്ലിന് പരാതി നല്‍കി. അതിന്റെ നടപടികളും മുന്നോട്ടുകൊണ്ടുപോവണം. ഇത്തരത്തിലുള്ള പല അഴിമതികളും കായികരംഗത്തെ മറ്റു വിഷയങ്ങളും മന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാനാണ് വന്നതെങ്കിലും എന്നാല്‍, താങ്കളുടെ രോഷപ്രകടനത്തോടെ അതെല്ലാം അപ്രസക്തമായെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കത്തില്‍ കുറിക്കുന്നു. ബംഗളൂരുവിലായിരുന്നെങ്കിലും താന്‍ കേരളത്തിനായി ചെയ്ത നേട്ടങ്ങളും അഞ്ജു മന്ത്രിയോട് ചൂണ്ടിക്കാട്ടുന്നുണ്ട്. വിമാനടിക്കറ്റിനായി സര്‍ക്കാര്‍ അനുവദിച്ച 40,000 രൂപ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നു പറഞ്ഞ അഞ്ജു സമാന തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ യാത്രാപ്പടിയായി എത്രതുക കൈപ്പറ്റിയിട്ടുണ്ടെന്നു കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച് കണ്ണീരു നിറച്ചുനിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ലെന്നു പറഞ്ഞാണ് അവര്‍ കത്ത് അവസാനിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it