Gulf

സ്‌പോണ്‍സറുടെ പീഡനം; മുംബൈ സ്വദേശി 10 ദിവസമായി എംബസിക്ക് പുറത്തെ ഷെഡ്ഡില്‍

എം ടി പി റഫീക്ക്

ദോഹ: സ്‌പോണ്‍സറുടെ കടുത്ത പീഡനം സഹിക്ക വയ്യാതെ വീടുവിട്ടിറങ്ങിയ മുംബൈ സ്വദേശി 10 ദിവസമായി ഇന്ത്യന്‍ എംബസിക്കു പുറത്തെ കാര്‍ ഷെഡ്ഡില്‍ ദുരിത ജീവിതം നയിക്കുന്നു. മുംബൈയിലെ മലാഡീസ് പട്ടാന്‍വാഡി സ്വദേശി ഫിറോസ് ഇസ്മാഈല്‍ പട്ടേലാണ് ഈ ഹതഭാഗ്യന്‍.
20 മാസം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ ഫിറോസ് സൈലിയയിലെ ഒരു വീട്ടിലെത്തിയത്. രാവിലെ 6 മണി മുതല്‍ രാത്രി 1 മണിവരെയും ചിലപ്പോള്‍ അതില്‍ കൂടുതലും ജോലി ചെയ്യേണ്ടി വന്നതായി ഫിറോസ് ഗള്‍ഫ് തേജസിനോട് പറഞ്ഞു.
സ്‌പോണ്‍സറുടെ വീട്ടിലെ ഡ്രൈവിങ് ജോലിയും മറ്റു വീട്ടുജോലികള്‍ക്കു പുറമേ ബന്ധുവീടുകളിലെ ജോലികളും കൂടി ചെയ്യേണ്ടി വന്നു. എന്തെങ്കിലും പരാതി ഉന്നയിച്ചാല്‍ സ്‌പോണ്‍സറുടെ മക്കള്‍ ക്രൂരമായി മര്‍ദ്ദിക്കും. ഫിംഗര്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയതല്ലാതെ ഖത്തര്‍ ഐഡിയോ ഡ്രൈവിങ് ലൈസന്‍സോ ഇല്ലാതെയാണ് ഇത്രയും കാലം പണിയെടുപ്പിച്ചത്. പാസ്‌പോര്‍ട്ട് നേരത്തേ വാങ്ങിവച്ചിരുന്നു. ഐഡിയും ലൈസന്‍സും ഇല്ലാതെ ഡ്രൈവിങ് ജോലി ചെയ്താലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മര്‍ദ്ദനവും ചീത്തവിളിയുമായിരുന്നു മറുപടിയെന്ന് ഫിറോസ് പറയുന്നു.
രണ്ടാഴ്ച മുമ്പ് തന്നോട് സൗദിയിലെ ഫാമിലേക്ക് ആടിനെയും ഒട്ടകത്തെയും മറ്റും മേയ്ക്കുന്ന പണിക്ക് പോവാന്‍ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വീടു വിട്ടിറങ്ങാനിടയാക്കിയ സംഭവത്തിന് ഹേതുവായതെന്ന് ഫിറോസ് പറഞ്ഞു. ഫാമിലെ പണി തനിക്ക് പറ്റില്ലെന്നും രണ്ടു വര്‍ഷം പൂര്‍ത്തിയായാല്‍ തന്നെ നാട്ടില്‍ പോവാന്‍ അനുവദിക്കണമെന്നും സ്‌പോണ്‍സറോട് അഭ്യര്‍ഥിച്ചു. ഇതില്‍ ക്രുദ്ധരായ സ്‌പോണ്‍സറുടെ മക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും തന്റെ മൊബൈല്‍ ഫോണുകള്‍, ടാബ്, പഴ്‌സ്, സൗദി ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളും വാങ്ങിവയ്ക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ തലയില്‍ നിന്നും മറ്റും രക്തം വന്നതായി ഫിറോസ് പറയുന്നു. താമസിച്ചിരുന്ന മുറിയുടെ ചാവി ഉള്‍പ്പെടെ പിടിച്ചു വാങ്ങി. പിറ്റേന്ന് സ്‌പോണ്‍സറുടെ കാലില്‍ വീണ് തന്നെ സൗദിയിലേക്ക് അയക്കരുതെന്നും ശമ്പളമില്ലാതെ താന്‍ ഇവിടെ തന്നെ ജോലി ചെയ്യാമെന്നും കരഞ്ഞു പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.
ഒരു വര്‍ഷം സൗദിയിലെ ഫാമില്‍ ശമ്പളമില്ലാതെ പണിയെടുക്കാനും അതുകഴിഞ്ഞ് നാട്ടിലേക്ക് അയക്കണോ വേണ്ടേ എന്നു തീരുമാനിക്കുമെന്നുമായിരുന്നു മറുപടി. ഇനിയും അവിടെ നിന്നാല്‍ ആടു ജീവിതം നയിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയതോടെയാണ് വീടു വിട്ടിറങ്ങി സിഐഡി ഓഫിസില്‍ ബന്ധപ്പെട്ടത്. അവിടെ നിന്ന് എംബസിയുടെ കത്ത് വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. കത്തുമായി ചെന്നപ്പോള്‍ സ്‌പോണ്‍സറെ ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് വരുത്തിക്കാമെന്നും പാസ്‌പോര്‍ട്ട് കിട്ടിയാല്‍ വിളിക്കാമെന്നും മറുപടി നല്‍കി. ഈ മാസം 13നാണ് സിഐഡി ഓഫിസില്‍ ബന്ധപ്പെട്ടത്.
എന്നാല്‍, ഇതുവരെ വിളിയൊന്നും കാണാത്തതിനാല്‍ കഴിഞ്ഞ ദിവസം വീണ്ടും അവിടെ ചെന്നെങ്കിലും പാസ്‌പോര്‍ട്ട് ഇതുവരെ കിട്ടിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫിറോസ് പറയുന്നു. 1,300 റിയാല്‍ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഫിറോസിന് കഴിഞ്ഞ നാലു മാസത്തെ ശമ്പളം കിട്ടാനുണ്ട്. നാല്‍പ്പതിനായിരത്തോളം രൂപ വിസയ്ക്ക് നല്‍കിയിരുന്നു.
കൈയില്‍ ഒരു റിയാല്‍ പോലുമില്ലാതെയാണ് വീടുവിട്ടിറങ്ങേണ്ടി വന്നത്. എംബസിയില്‍ വരുന്നവരും മറ്റും വാങ്ങിത്തരുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം തള്ളിനീക്കുന്നത്.
ഇപ്പോള്‍ തണുപ്പ് കാലം ആരംഭിച്ചതോടെ എംബസിക്ക് പുറത്തെ കാര്‍ ഷെഡ്ഡില്‍ കഴിയുന്നത് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. തന്നെപ്പോലെ സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വേറെയും പന്ത്രണ്ടോളം പേര്‍ എംബസിക്കു പുറത്ത് കഴിയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. ഇന്നലെ ഇവരെ സന്ദര്‍ശിച്ച ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണം വസ്ത്രം എന്നിവ എത്തിച്ചു നല്‍കുമെന്ന് അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it