സ്‌പൈസസ് ബോര്‍ഡിന്റെ എതിര്‍പ്പു പരിഗണിച്ചില്ല; സംസ്ഥാനത്ത് 7.6 ലക്ഷം കിലോ കാസിയ ഇറക്കുമതി ചെയ്തു

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: കറുവാപ്പട്ടയെന്ന വ്യാജേന സംസ്ഥാനത്ത് വ്യാപകമായി കാസിയ ഇറക്കുമതി ചെയ്യുമ്പോഴും തടയാന്‍ സംവിധാനങ്ങളൊന്നുമില്ല. ചൈനീസ് കാര്‍ഡമം എന്ന പേരില്‍ അറിയപ്പെടുന്ന കാസിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡിന്റെ എതിര്‍പ്പു മറികടന്നാണ് സംസ്ഥാനത്തു വ്യാപകമായി കാസിയ ഇറക്കുമതി നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊച്ചി തുറമുഖത്ത് 7.6 ലക്ഷം കിലോഗ്രാം കാസിയയാണ് ഇറക്കുമതി ചെയ്തത്. 2013-14 കാലയളവില്‍ കൊച്ചി പോര്‍ട്ടിലേക്ക് കാസിയ ഇറക്കുമതി നടത്തിയിട്ടില്ലെന്നതും ഇതു സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്.കാ ന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്ന കാസിയ യൂറോപ്യ ന്‍ ആരോഗ്യ ഏജന്‍സികള്‍ നിരോധനം ഏര്‍പ്പെടുത്തിയ സുഗന്ധവ്യഞ്ജനമാണ്. കറുവാപ്പട്ട എന്ന വ്യാജേനയാണ് രാജ്യവ്യാപകമായി കാസിയ വില്‍പ്പന നടത്തുന്നത്.
മണവും രുചിയും കൂടിയ കാസിയക്ക് കറുവാപ്പട്ടയെ അപേക്ഷിച്ച് വില കുറവുണ്ട്. സയന്റിഫിക് പാനലിന്റെ റിപോര്‍ട്ട് പ്രകാരം ടൊളോസസ് സയനൈഡ് എന്ന, കാന്‍സറിനു കാരണമാവുന്ന പദാര്‍ത്ഥം കാസിയയി ല്‍ അടങ്ങിയിട്ടുണ്ട്. ഇന്തോനീസ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് വ്യാപകമായ തോതില്‍ കാസിയ ഇറക്കുമതി ചെയ്യുന്നത്. ഇന്തോനീസ്യയില്‍ നിന്നുള്ള കാസിയ പുറത്തെ തോല്‍ ചുരണ്ടി ഒറ്റ ചുരുളായിട്ടാണു വരുന്നത്. ഇത് കാഴ്ചയില്‍ കറുവപ്പട്ട പോലെ തന്നെയാണ്.
ആഹാരപദാര്‍ഥങ്ങളില്‍ കാസിയ അമിതമായി ചേര്‍ക്കുന്നത് മഞ്ഞപ്പിത്തം, വയറിളക്കം, മസ്തിഷ്‌ക മരണം, എന്നിവയ്ക്കും 12 വിധത്തിലുള്ള കാന്‍സറിനും കാരണമാവുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെല്ലാം കാസിയയുടെ ഇറക്കുമതി നിരോധിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ രാജ്യത്തു നടക്കുന്ന കാസിയ ഇറക്കുമതി ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ ലിയോനാര്‍ഡ് ജോണ്‍ പറയുന്നു.
കൊച്ചി പോര്‍ട്ട് കൂടാതെ തൂത്തുക്കുടി തുറമുഖത്തും കാസിയ ഇറക്കുമതി ചെയ്തിട്ടുണ്ട്. മുംബൈ, കല്‍ക്കട്ട, ഗുജറാത്ത്, മംഗലാപുരം, ഗോവ തുറമുഖങ്ങള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലും തയ്യാറായിട്ടില്ല. ആയുര്‍വേദ മരുന്നുകളിലും കറുവാപ്പട്ടയ്ക്ക് പകരമായി പലപ്പോഴും കാസിയാണ് ഉപയോഗിക്കുന്നത്.
കറുവാപ്പട്ടയേക്കാള്‍ വില കുറവായതിനാലാണ് മസാലകളിലും ആയുര്‍വേദ മരുന്നുകളിലും കാസിയ ഉപയോഗിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, മസാലകളിലും ആയുര്‍വേദ മരുന്നുകളിലും കാസിയയുടെ ഉപയോഗം പരിശോധിക്കാനുള്ള സംവിധാനം അപര്യാപ്തമാണ്. സംസ്ഥാനത്തെ മുഴുവന്‍ ആയുര്‍വേദ സ്ഥാ പനങ്ങളും പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് മൂന്ന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെയാണ്. പരാതികള്‍ അന്വേഷിക്കുന്നതിനും ലൈസന്‍സ് അപേക്ഷകള്‍ പരിശോധിക്കുന്ന ജോലികളും നിര്‍വഹിക്കേണ്ടതുണ്ട്. അതിനാല്‍ നാമമാത്രമായ പരിശോധനകള്‍ മാത്രമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it