Fortnightly

സ്‌നേഹം കിട്ടേണ്ട കുഞ്ഞുംസാന്ത്വനമര്‍ഹിക്കുന്ന വൃദ്ധരും

സ്‌നേഹം കിട്ടേണ്ട കുഞ്ഞുംസാന്ത്വനമര്‍ഹിക്കുന്ന വൃദ്ധരും
X
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്




OLDMANണത്തോടും അധികാരത്തോടും ആഢംബരത്തോടുമുള്ള ആസക്തി മനുഷ്യനെ കടുത്ത നിഷേധിയും ധിക്കാരിയുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ തന്റെ നിയോഗമെന്താണെന്നും സ്രഷ്ടാവിനോടും പ്രപഞ്ചത്തോടും തനിക്കുള്ള ബന്ധമെന്തായിരിക്കണമെന്നും നശ്വരമായ ഭൗതികജീവിതത്തിനപ്പുറത്ത് എന്താണ് സംഭവിക്കാനിരിക്കുന്നതെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്ത് ആത്മീയവും മാനസികവുമായ ഒരു തരം അന്ധതയും മരവിപ്പും മനുഷ്യനില്‍ രൂപപ്പെടും.

മനുഷ്യന്‍ എന്നത് വെറും ശരീരം മാത്രമല്ല, അവന് മനസ്സും ആത്മാവുമുണ്ട്. ശരീരത്തിന്റെ ആവശ്യങ്ങള്‍ എന്നതുപോലെ മനസ്സിനും ആത്മാവിനുമെല്ലാം ആവശ്യങ്ങളുണ്ട്. ആസക്തികളുടെ പിന്നാലെ പോവുന്ന മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ മനസിന്റെയും ആത്മാവിന്റെയും ആവശ്യങ്ങളെ തിരസ്‌ക്കരിക്കുകയാണ്. സ്‌നേഹം, കാരുണ്യം, വാത്സല്യം, ദയ, അനുതാപം തുടങ്ങിയ ഉദാത്ത ഗുണങ്ങളുടെ സാകല്യമായ ഈശ്വരന്റെ ആത്മാംശം എല്ലാ മനുഷ്യനിലും അന്തര്‍ലീനമായിട്ടുണ്ട് എന്നാണ് വേദങ്ങള്‍ പറയുന്നത്. ഭൗതികതയെയും ആത്മീയതയെയും സമതുലിതമായി സമീപിക്കുമ്പോഴാണ് ഉദാത്ത ഗുണങ്ങളുടെ പരിപോഷണം സാധ്യമാകൂ. ഭൗതിക ജീവിതവും അതിലെ ആഹ്ലാദങ്ങളുമാണ് പരമമായിട്ടുള്ളത് എന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മേല്‍പറഞ്ഞ ഉദാത്ത ഗുണങ്ങളെ പരിപോഷിപ്പിക്കാന്‍ കഴിയില്ല.

പിഞ്ചുകുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുന്ന അമ്മയും പിതാവിനെ വകവരുത്തുന്ന മകനും സഹോദരഹത്യ നടത്തുന്ന യുവാവും ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവുമെല്ലാം നമ്മുടെ ദിനപത്രങ്ങളിലെ സ്ഥിരം വാര്‍ത്തകളാണല്ലോ.മനുഷ്യന്റെ ചിന്തകളെയും ശീലങ്ങളെയും വ്യവഹാരങ്ങളെയും ചിട്ടപ്പെടുത്തിയും പാകപ്പെടുത്തിയുമെടുക്കുന്നതില്‍ കുടുംബം എന്ന സാമൂഹിക സ്ഥാപനം വഹിക്കുന്ന പങ്ക് വലുതാണ്. കുടുംബത്തില്‍നിന്നു ശിക്ഷണം ലഭിക്കുന്ന കുട്ടികളില്‍ ഉദാത്ത സ്വഭാവഗുണങ്ങള്‍ രൂപപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യക്തിയുടെ സമഗ്രവും സമതുലിതവുമായ വൈകാരിക വികാസത്തിനു സ്‌നേഹപരിലാളനകള്‍ ആവശ്യമാണ്. ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കുടുംബത്തില്‍നിന്നും സ്‌നേഹവും കാരുണ്യവും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നത് സംശയമാണ്. മുലയൂട്ടല്‍ ഒരമ്മയുടെ വാത്സല്യത്തിന്റെ നിരുപമമായ ആവിഷ്‌ക്കാരമായിരുന്നു മുമ്പ് നമുക്ക്.

പക്ഷേ, ഇന്നത് ഒരമ്മക്ക് തന്റെ കുഞ്ഞ് വലുതാകുമ്പോള്‍ തിരിച്ചു തരേണ്ട കരുതല്‍ നിക്ഷേപമായി മാറിക്കഴിഞ്ഞു. കടുത്ത ഭൗതിക ചിന്ത ബന്ധങ്ങളെ അര്‍ത്ഥരഹിതമാക്കുന്നു. അംഗസംഖ്യ കുറഞ്ഞാല്‍ സന്തുഷ്ടകുടുംബമാകും എന്നൊരു വാദമുണ്ട്്. എന്നാല്‍ സന്തുഷ്ടിക്ക് ഒരു അലൗകിക തലമുണ്ട്. അംഗസംഖ്യയിലെ വലുപ്പചെറുപ്പമല്ല സന്തുഷ്ടിയുടെ അടിസ്ഥാനം. കാരുണ്യവും, സ്‌നേഹവും, അനുതാപവും, വാത്സല്യവുമൊക്കെയാണ്.പ്രധാനമായും മൂന്നു ബന്ധങ്ങള്‍ നമുക്കിടയിലുണ്ട്. കുടുംബബന്ധം, വിവാഹബന്ധം, സുഹൃദ്ബന്ധം. സ്‌നേഹോഷ്മളമായ ബന്ധങ്ങള്‍ വ്യക്തികള്‍ക്ക് ജീവിതത്തിലുടനീളം ശക്തിയും പ്രതീക്ഷയും സാന്ത്വനവും സന്തോഷവും നല്‍കുന്നു.വീട്ടിലെ പ്രായം ചെന്ന മാതാപിതാക്കളെ സങ്കല്‍പിക്കുക. പ്രായാധിക്യം വ്യക്തികളില്‍ വരുത്തുന്ന മാറ്റങ്ങളും വല്ലായ്മകളും നമുക്കൂഹിക്കാവുന്നതേയുള്ളൂ. ബലക്ഷയം, രോഗം, ഓര്‍മ്മകുറവ് തുടങ്ങിയവ വാര്‍ദ്ധക്യത്തിന്റെ സഹജമായ പരാധീനതകളാണ്. ഈ പരാധീനതകളില്‍ തങ്ങളെ ശ്രദ്ധിക്കാനും പരിചരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റിത്തരാനും ഒപ്പം മക്കളുണ്ട്, ഉറ്റവരുണ്ട് എന്ന തോന്നല്‍ ഏത് മാതാപിതാക്കള്‍ക്കും ശക്തി പകരും. ആത്മവിശ്വാസവും പ്രതീക്ഷയും കൊടുക്കും.

പക്ഷേ, നമുക്കിടയിലുള്ള വൃദ്ധരായ പല മാതാപിതാക്കള്‍ക്കും അവരുടെ ജീവിത സായാഹ്നത്തില്‍ ഇത്തരമൊരു ആശ്വാസം കിട്ടുന്നില്ല എന്നതാണ് വാസ്തവം.എത്രയോ മാതാപിതാക്കള്‍ ഏകാന്തതയുടെ തടവുകാരായി ജീവിതം തള്ളിനീക്കുന്നു. ചിലര്‍ വൃദ്ധസദനങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുന്നു. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത സാഹചര്യവുമുള്ള മക്കളാല്‍ തിരസ്‌ക്കരിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. സ്വന്തം മക്കളില്‍നിന്ന് അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടാന്‍ കോടതിയെ ആശ്രയിക്കുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്.പവിത്രവും വിശുദ്ധവുമായ കുടുംബബന്ധങ്ങളില്‍ സംഭവിച്ച വിള്ളലുകളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. മാന്യമായ സഹവാസത്തിനും സ്‌നേഹാര്‍ദ്രമായ സമീപനത്തിനും സൗമ്യമായ വാക്കുകള്‍ക്കും പകരം നില്‍ക്കാന്‍ ഭൂമിയിലെ ഒരു ഭൗതിക ഘടകത്തിനും കഴിയില്ല. പണത്തിനോ ഹോംനേഴ്‌സിന്റെ പരിചരണത്തിനോ വൃദ്ധസദനത്തിലെ പ്രൗഢമായ ഭക്ഷ്യവിഭവങ്ങള്‍ക്കോ, വാര്‍ദ്ധക്യത്തിന്റെ പരാധീനതകള്‍ക്ക് സ്വാന്തനവും സമാശ്വാസവുമാകാന്‍ ഒരിക്കലും കഴിയില്ല. മക്കള്‍ വേണ്ടിടത്ത് മക്കള്‍ തന്നെ വേണം.
Next Story

RELATED STORIES

Share it