Idukki local

സ്‌കൂള്‍ വിപണി സജീവം; ത്രീഡി ആനിമേഷന്‍ ബാഗുകള്‍ മുതല്‍ ഹൈടെക് ലഞ്ച് ബോക്‌സുകള്‍ വരെ

തൊടുപുഴ: സ്‌കൂള്‍ വിപണി കൈയ്യടക്കാന്‍ ത്രീഡി ആനിമേഷന്‍ ബാഗുകള്‍ മുതല്‍ കുട്ടികളെ ആകര്‍ഷിക്കാനായി വിവിധ തരത്തിലുള്ള ലഞ്ച് ബോക്‌സുകള്‍ വരെയാണ് വിപണിയിലെത്തിയിരിക്കുന്നത്.കുറഞ്ഞ നിരക്കിലുള്ള ബാഗുകള്‍ മുതല്‍ ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍ വരെ കടകളില്‍ നിരന്നുകഴിഞ്ഞു. 300 രൂപ മുതല്‍ സ്‌കൂള്‍ ബാഗുകള്‍ ലഭ്യമാണ്.
ത്രീഡി ആനിമേഷന്‍ ബാഗുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. 500 രൂപ മുതല്‍ മുകളിലേക്കാണ് ഇത്തരം ബാഗുകളുടെ വില. ബാറ്റ്മാന്‍, ഡോറ, ബെന്‍ 10, ആംഗ്രി ബേര്‍ഡ്, ബാര്‍ബി, ടോം ആന്‍ഡ് ജെറി തുടങ്ങി കുട്ടികളുടെ ഇഷ്ടപ്പെട്ട ആനിമേഷന്‍ കഥാപാത്രങ്ങളാണ് ഇപ്പോള്‍ ബാഗുകളില്‍ നിറയുന്നത്. ബാഗുകള്‍ക്കൊപ്പം വാട്ടര്‍ ബോട്ടിലും നെയിം സ്ലിപ്പുകളും സൗജന്യമായി ചില കടകളില്‍ നല്‍കുന്നുണ്ട്.കറുത്ത കുടകളേക്കാള്‍ മറ്റു നിറങ്ങളിലുള്ള കുടകള്‍ക്കാണു വിപണിയില്‍ ആവശ്യക്കാരേറെയും.
കുട്ടികള്‍ക്കായി വര്‍ണക്കുടകളും, പലതരത്തിലുള്ള ചിത്രങ്ങളടങ്ങിയ കുടകളും വിപണിയില്‍ എത്തിക്കഴിഞ്ഞു. വെള്ളം ചീറ്റുന്നതും വിസിലുള്ളതുമായി വൈവിധ്യമാര്‍ന്ന കുടകളും വില്‍പ്പനയ്ക്കുണ്ട്. 250 രൂപ മുതല്‍ കുട്ടികള്‍ക്കുള്ള കുടകള്‍ ലഭ്യമാണ്.
ത്രീ ഫോള്‍ഡ് കുടകള്‍ക്കാണു ഡിമാന്‍ഡ് കൂടുതലെന്നു വ്യാപാരികള്‍ പറയുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വരുന്ന മഴക്കോട്ടുകളോടും ബാഗ് കൂടി ഒതുങ്ങുന്ന മഴക്കോട്ടുകളോടുമാണ് കുട്ടികള്‍ക്ക് പ്രിയം. 180 രൂപ മുതല്‍ കുട്ടികളുടെ റെയിന്‍കോട്ടുകള്‍ ലഭ്യമാണ്. ഷൂസുകളില്‍ കറുപ്പ് നിറത്തിനാണു ആവശ്യക്കാര്‍ ഏറെയും. വിവിധ കമ്പനികളുടെ ഷൂസുകള്‍ 199 രൂപ മുതല്‍ വിപണിയിലുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുംവിധം വിവിധ തരത്തിലുള്ള ലഞ്ച് ബോക്‌സുകളും വിപണിയിലുണ്ട്. 100 മുതല്‍ 250 രൂപവരെയാണു ഇവയുടെ വില. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള വാട്ടര്‍ ബോട്ടിലുകള്‍ 70 രൂപ മുതല്‍ ലഭ്യമാണ്. ഇതിനു പുറമെ നോട്ടുബുക്കുകളും പേനയും പെന്‍സില്‍ ബോക്‌സുകളും ഇന്‍സ്ട്രുമെന്റ് ബോക്‌സുകളുമെല്ലാം സ്‌കൂള്‍ വിപണിയില്‍ ഇടം പിടിച്ചുകഴിഞ്ഞു. 200 പേജുള്ള നോട്ട് ബുക്കിനു 20 രൂപ മുതലാണ് വില. ഇന്‍സ്ട്രുമെന്റ് ബോക്‌സുകള്‍ 75 രൂപ മുതല്‍ ലഭ്യമാണ്.
20 രൂപ മുതല്‍ 350 രൂപവരെയുള്ള പെന്‍സില്‍ ബോക്‌സുകള്‍ വിപണിയിലുണ്ട്. യൂനിഫോം തുണിത്തരങ്ങളുമായി വസ്ത്ര വില്‍പ്പന ശാലകളും ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാവുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.
Next Story

RELATED STORIES

Share it