സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. നേരത്തേ കോളജുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയകള്‍ പിടിമുറുക്കിയതെങ്കില്‍ ഈ അടുത്തകാലത്തായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണു കഞ്ചാവ് മാഫിയ സജീവമായിരിക്കുന്നത്. ആദ്യം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ചെറിയ കഞ്ചാവ് പാക്കറ്റുകള്‍ എത്തിച്ചുനല്‍കിയശേഷം പിന്നീട് അവരെ ഉപയോഗിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ശൈലിയാണ് സ്വീകരിച്ചു വരുന്നത്. ഇത്തരം നിരവധി ശൃംഖലകള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നതായാണ് പോലിസിലെ നാര്‍ക്കോട്ടിക് വിഭാഗം നല്‍കുന്ന സൂചന.
വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് കഞ്ചാവ് വില്‍പനയ്ക്കായി ഇവര്‍ ലക്ഷ്യമിടുന്നത്. ആഡംബര ജീവിതം നയിക്കാനുള്ള പണം വളരെ പെട്ടെന്നു കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് മിക്കവാറും വിദ്യാര്‍ഥികള്‍ ഇത്തരം കഞ്ചാവ് മാഫിയകളുടെ വലയില്‍ അകപ്പെടുന്നത്. സമീപകാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി പദാര്‍ഥമെന്ന നിലയില്‍ കഫ് സിറപ്പുകളുടെയും വൈറ്റ്‌നറുകളുടെയും ഉപയോഗം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.
കഞ്ചാവു പോലുള്ള വന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായാണ് കുട്ടികള്‍ ഇത്തരം ചെറുകിട ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു കാണുന്നതെന്ന് നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, മിക്കവാറും സ്‌കൂള്‍ മാനേജ്‌മെന്റുകളും ഇത്തരം സന്ദര്‍ഭങ്ങളില്‍ അപമാനം ഭയന്ന് പോലിസ് അന്വേഷണവുമായി സഹകരിക്കാറില്ലെന്നതും പതിവാണ്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളെ ഇടനിലക്കാരാക്കിയാണ് വ്യാപകമായ തോതില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത്. ലഹരിക്ക് അടിമകളായ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുകയാണ് പൊതുവായ പ്രവര്‍ത്തനരീതി. വന്‍ കഞ്ചാവ് മാഫിയ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പേരിനുമാത്രം ചില അന്യസംസ്ഥാന തൊഴിലാളികളെ പിടി കൂടുന്നതൊഴിച്ചാല്‍ വമ്പന്‍ സ്രാവുകളെ തൊടാന്‍പോലും അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. നിസ്സാരമായ വകുപ്പുകള്‍ ചുമത്തുന്നതിനാല്‍ കഞ്ചാവ് കേസില്‍ പിടികൂടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസത്തിനകം ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം തുടരുന്നതായാണ് കണ്ടുവരുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് പ്രധാനമായി കഞ്ചാവ് എത്തുന്നതെന്ന് എറണാകുളം സിറ്റി നാര്‍ക്കോട്ടിക് സെല്‍ വിഭാഗം തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എന്‍ പ്രസാദ് പറഞ്ഞു. നേരത്തേ ഇടുക്കി കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാനത്ത് അനധികൃത കഞ്ചാവ് കൃഷി നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അവിടെ നിന്നുള്ള കഞ്ചാവിന്റെ വരവ് ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുകയാണ്.
സംസ്ഥാനത്ത് കഞ്ചാവ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചു വരുകയാണെന്നും കഴിഞ്ഞമാസം മാത്രം എറണാകുളം ജില്ലയില്‍ 98 കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ 2014ലെ റിപോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും 100 ടണ്‍ കഞ്ചാവാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്.
ഒഡീഷ, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കൂടിയ തോതില്‍ കഞ്ചാവ് കേരളത്തിലെത്തുന്നുണ്ട്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) ആക്ടിന് കീഴിലാണ് പോലിസ് കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകളുമായി സഹകരിച്ച് ജനമൈത്രി, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, യൂനിഫോം പോലിസ്, ക്ലീന്‍ കാംപസ് സേഫ് കാംപസ്, ഷാഡോ പോലിസ്, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീം(എസ്‌ഐഎസ്ടി) തുടങ്ങിയ പദ്ധതികള്‍ പോലിസ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ട്.
Next Story

RELATED STORIES

Share it