kasaragod local

സ്‌കൂള്‍ മൈതാനം പ്രചാരണ പരിപാടിക്ക് ഉപയോഗിക്കരുത്: ജില്ലാ കലക്ടര്‍

കാസര്‍കോട്്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. മറ്റ് രാഷ്ട്രീയ കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീകക്ഷികളും സ്ഥാനാര്‍ഥികളും ഉറപ്പ് വരുത്തണം. മറ്റ് രാഷ്ട്രീയ കക്ഷികള്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്‌തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, കുഴപ്പം ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് കൂടി മറ്റൊരു കക്ഷി ജാഥ നടത്തരുത്.

ഒരു കക്ഷിയുടെ ചുമര്‍പരസ്യങ്ങള്‍ മറ്റ് കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാനും പാടില്ല.  യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ലായെന്ന് രാഷ്ട്രീയകക്ഷിയോ സ്ഥാനാര്‍ഥിയോ ഉറപ്പ് വരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി മുന്‍കൂട്ടിതന്നെ അപേക്ഷിച്ച് അനുമതി നേടണം. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലിസിന് സാധ്യമാകത്തക്ക വിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പോലിസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.  പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നത്  ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിയ്യതി മുതല്‍ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തിയ്യതി വരെ ആ നിയോജകമണ്ഡലത്തിലോ, വാര്‍ഡിലോ നടത്തപ്പെടുന്ന  രാഷ്ട്രീയ സ്വഭാവമുള്ള ഏത് യോഗത്തിനും ഇത് ബാധകമാണ്. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗം നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തുല്യഅവസരം  ഉണ്ടായിരിക്കും. ഇത്തരം യോഗങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചാരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it