Gulf

സ്‌കൂള്‍ ബസ്സുകളുടെ സുരക്ഷ ശക്തമാക്കണമെന്ന് രക്ഷിതാക്കള്‍

ദോഹ: സ്‌കൂള്‍ ബസ്സുകളുടെ കാര്യത്തില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കണമെന്ന് രക്ഷിതാക്കള്‍. സ്‌കൂളുകളില്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ മിനി ബസ്സുകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ ബസ്സുകളില്‍ ജിപിഎസ് ഉപയോഗിച്ചുള്ള ട്രാക്കിങ് ഉപകരണവും വേഗത നിയന്ത്രിക്കുന്ന സംവിധാനവും സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രക്ഷിതാക്കളും ഗതാഗത വിദഗ്ധരുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്.
അടുത്തിടെ സ്‌കൂള്‍ ബസ് മറിഞ്ഞ് തിരുവല്ല സ്വദേശിയായ അഞ്ചു വയസ്സുകാരന്‍ മരിച്ചിരുന്നു. മറ്റൊരു സ്‌കൂള്‍ ബസ്സ് കാറുമായും ട്രക്കുമായും കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ബസ്സുകളുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സീറ്റ് ബല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബസ്സിലെ സഹായി അത് നിര്‍ബന്ധമായും പരിശോധിക്കണം.
സ്‌കൂള്‍ ബസുകള്‍ റോഡില്‍ അനാവശ്യമായി മറ്റ് വാഹനങ്ങളെ മറികടക്കാന്‍ അനുവദിക്കരുത്. വളരെ അശ്രദ്ധമായാണ് പലപ്പോഴും വാഹനം ഓടിക്കുന്നതെന്നും പല രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ സുരക്ഷിതവും മിതവുമായ വേഗത്തിലേ വാഹനം ഓടിക്കാവൂ എന്നത് കര്‍ശനമാക്കണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. രാജ്യത്തെ മിക്ക സ്‌കൂളുകളും ഗതാഗതത്തിനായി മിനി ബസ്സുകളാണ് ഉപയോഗിക്കുന്നത്. മിനി ബസ്സുകള്‍ എളുപ്പത്തില്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി ബസ്സുകള്‍ക്ക് ചെറിയ ടയറുകള്‍ ആയതിനാല്‍ അമിത വേഗതയില്‍ വളവുകള്‍ തിരിയുന്നത് അപകടകരമാണ്. വളവുകളില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തിലേ വാഹനം ഓടിക്കാവൂ എന്നും വേഗം കൂടിയാല്‍ വാഹനം മറിയാനുള്ള സാധ്യത കൂടുതലാണെന്നും ഗതാഗത വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു. നേര്‍ റോഡുകളില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗമേ മിനിബസ്സുകള്‍ക്ക് അനുവദിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനം ബസസ്ുകളില്‍ ഘടിപ്പിക്കുന്നത് ബസ് ഡ്രൈവര്‍മാര്‍ക്കും സ്‌ക്കൂള്‍ മാനേജ്‌മെന്റിനും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമാവും.
Next Story

RELATED STORIES

Share it