kozhikode local

സ്‌കൂള്‍ കുട്ടികളോട് സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന്; അധ്യാപകരും വിദ്യാര്‍ഥികളും ഇന്നു മുതല്‍ നിരാഹാര സമരത്തില്‍

കുറ്റിയാടി: സര്‍ക്കാരും വിദ്യഭ്യാസ മന്ത്രിയും വാക്കുപാലിച്ചില്ലെന്ന് ആരോപിച്ച് കുറ്റിയാടി എംഐയുപി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ഇന്നു മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ ടെക്‌നോളജി(എസ്‌ഐഇടി)ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 14ന് തൃശൂരില്‍ നടത്തിയ സംസ്ഥാന ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാംസ്ഥാനം ലഭിച്ചത് കുറ്റിയാടി എംഐയുപി സ്‌കൂളിനായിരുന്നു. അധ്യാപകനായ ജമാല്‍ കുറ്റിയാടിയുടെ ശിക്ഷണത്തില്‍ വിദ്യാര്‍ഥികളായ ആര്യ, മേഘ, എന്നിവര്‍ കഥയെഴുതി പി പി തീര്‍ത്ഥയാണ് ഹൃസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌കൂളിലെ 2012 അധ്യയന വര്‍ഷത്തിലെ 'തനത് പ്രവര്‍ത്തനം' എന്ന നിലയില്‍ ആയിരത്തില്‍പരം വിദ്യാര്‍ഥികളുടേയും പിടിഎയുടേയും ഒരു വര്‍ഷത്തെ കഠിനപ്രവര്‍ത്തനത്തിന്റെ സാഫല്യമായിരുന്നു കവി റഫീഖ് അഹമ്മദിന്റെ കവിതയുടെ ഇതിവൃത്തമായ ' തോരാമഴ' എന്ന ഹൃസ്വചിത്രം.
ആയിരക്കണക്കിന് വിദ്യാര്‍ഥികളേയും അധ്യാപകരേയും സാക്ഷിനിര്‍ത്തി 2012 നവംബര്‍ 14ന് തൃശൂര്‍ ടൗണ്‍ഹാളില്‍ വെച്ച് മേയര്‍ ഐ പി പോള്‍, ഗീതഗോപി എംഎല്‍എ എന്നിവരുള്ള വേദിയില്‍ വച്ച് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഒന്നാം സ്ഥാനം ലഭിച്ച പ്രസ്തുത സ്‌കൂളിനുള്ള ചീഫ് മിനിസ്‌ട്രേഴ്‌സ് ട്രോഫിയും ഒരു ലക്ഷം രൂപയുടെ റസീറ്റും പ്രഖ്യാപിച്ച് കൈമാറിയിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഉള്‍പ്പെടെ മിക്ക മന്ത്രിമാര്‍ക്കും ഇവര്‍ കത്തെഴുതി. മുഖ്യമന്ത്രിയുടെ അദാലത്തില്‍ പങ്കെടുത്തു. കെ കെ ലതിക എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. എന്നിട്ടും ഇതൊന്നും ലഭിച്ചില്ല. അതിനാല്‍ ഇന്നു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലും അതിനുശേഷം വിദ്യാഭ്യാസമന്ത്രിയുടെ വീട്ടുപടിക്കലും അധ്യാപക വിദ്യാര്‍ഥി, പിടിഎ പ്രതിനിധികള്‍ നിരാഹാരം കിടക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it