kasaragod local

സ്‌കൂള്‍ കായിക മേഖലയ്ക്ക്  ഊന്നല്‍: ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: ജില്ലയിലെ സ്‌കൂള്‍ കായിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലയ്ക്ക് നേരിട്ട പരാജയം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി ബ്ലോക്ക് അടിസ്ഥാനത്തില്‍ കോച്ചിങ് ക്യാംപുകള്‍ തുടങ്ങും. ജില്ലയിലെ കായികാധ്യാപകരുടെ കുറവും പരിശീലനത്തിനായി സിന്തറ്റിക് ട്രാക് ഇല്ലാത്തതും കായിക മേഖലയെ പിന്നാക്കം നിര്‍ത്തുന്നു. ഈ അവസ്ഥയില്‍ കായികമേഖലയെ പുഷ്ടിപ്പെടുത്താന്‍ കായികാധ്യാപകരുടെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും യോഗം ജനുവരി ആദ്യവാരം ചേരും.
തുടര്‍ന്ന് സംക്ഷിപ്ത റിപോര്‍ട്ട് തയ്യാറാക്കി അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കും. ജില്ലയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിക്കാനും പദ്ധതി ആവിഷ്‌കരിക്കും. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരിയില്‍ സ്‌കൂളുകളില്‍ പരീക്ഷ നടത്തും.
പുല്ലൂര്‍ സീഡ് ഫാമിലെ 10 നാടന്‍ പശുക്കളെ ലേലം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പേവിഷബാധ തെരുവ് നായകളെ നയന്ത്രിക്കുന്ന എബിസി പദ്ധതി പ്രകാരം ആറു ബ്ലോക്കുകളില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ നിര്‍മിക്കും. ജില്ലയിലെ സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് പുതിയ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ ഇല്ലാത്തത് പദ്ധതി നിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അസി. എന്‍ജിനീയര്‍മാര്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ താല്‍ക്കാലികമായി നിയമനം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ന്യൂട്രീഷ്യന്‍, പാലിയേറ്റീവ് കെയര്‍ പ്രോഗാമുകള്‍ ത്വരിതപ്പെടുത്തും.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 69 പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ നല്‍കും. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക് സ്ഥലം ജില്ലാ പഞ്ചായത്ത് അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ജില്ലാ പഞ്ചായത്തിന്റെ ഒക്‌ടോബര്‍, നവംബര്‍ മാസത്തെ വരവ് ചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു. പ്രസിഡന്റ് എ ജി സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it