സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു തിരിതെളിയും

സമീര്‍ കല്ലായി

കോഴിക്കോട്: 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. 95 ഇനങ്ങളിലായി 2650 അത്‌ലറ്റുകളാണ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്. മേളയുടെ ദീപശിഖ മെഡിക്കല്‍ കോളജ് കാംപസില്‍ ഇന്നലെ വൈകീട്ട് ഒളിംപ്യന്‍മാരായ പി ടി ഉഷയും അനില്‍കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഇന്നു രാവിലെ 9നു പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാവും. വൈകീട്ട് 3.30ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എം കെ മുനീര്‍, മേയര്‍ വി കെ സി മമ്മദ്‌കോയ, എം കെ രാഘവന്‍ എംപി, എ പ്രദീപ്കുമാര്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സ്‌റ്റേഡിയത്തില്‍ വിവിധ കലാരൂപങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്‌കാരങ്ങളും അരങ്ങേറും. നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ജില്ലയിലെ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ പത്താം കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ചാംപ്യന്‍പട്ടം നഷ്ടമായ കോതമംഗലത്തെ തന്നെ മാര്‍ ബേസില്‍ സ്‌കൂളും രംഗത്തുണ്ട്. കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ കരിമ്പനയുടെ നാട്ടുകാരായ പറളിയും കല്ലടിയും എത്തുന്നത് മല്‍സരത്തിന്റെ വീര്യമേറ്റും. 8നു വൈകീട്ട് 4.30നു മേളയ്ക്ക് തിരശ്ശീല വീഴും. മന്ത്രി പി കെ അബ്ദുറബ്ബ് സമ്മാനദാനം നിര്‍വഹിക്കും.
22 വര്‍ഷത്തിനു ശേഷം കോഴിക്കോട്ടെത്തുന്ന മേളയ്ക്ക് ഉല്‍സവച്ഛായ പകരാനുള്ള ഒരുക്കത്തിലാണ് സാമൂതിരിയുടെ നാട്. മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it