Idukki local

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പഠനസഹായി എന്ന പേരില്‍ ബാലവിനോദ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കാന്‍ നീക്കം; വില്‍പ്പനയ്ക്ക് അധികൃതരുടെ ഒത്താശ

എ ജയകുമാര്‍

ചെങ്ങന്നൂര്‍: അധ്യയന വര്‍ഷം ആരംഭിച്ച ഉടന്‍ തന്നെ രക്ഷാകര്‍ത്താക്കളുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതിനും കാരണമായേക്കാവുന്ന നീക്കത്തിന് ഒരുവിഭാഗം സ്‌കൂള്‍ അധികൃതര്‍ കൂട്ടു നില്‍ക്കുന്നു.
പൊതുവിപണിയില്‍ വിറ്റഴിക്കുന്ന ചില ബാലവിനോദ പ്രസിദ്ധീകരണങ്ങള്‍ സംസ്ഥാനത്തെ എല്‍പി-യുപി സ്‌കൂളുകള്‍ വഴി വിറ്റഴിക്കാനാണ് ആലോചന. വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു പഠന സഹായി എന്നാണ് രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും ഇത് പരിചയപ്പെടുത്തുന്നത്.
ബാല കഥകളും ചിത്രങ്ങളും മറ്റും അടങ്ങിയ ഈ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ സ്‌കൂളുകള്‍ വഴി ശേഖരിച്ച് ആഴ്ചതോറും സ്‌കൂളുകള്‍ വഴി തന്നെ വിതരണം ചെയ്യാനാണ് പദ്ധതി. കുട്ടികളുടെ പഠനച്ചിലവിന്റെ കാര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രക്ഷിതാക്കളെയാണ് ഈ നീക്കം വലച്ചിരിക്കുന്നത്.
എല്‍പി, യുപി ക്ലാസുകളില്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍ക്കിടയില്‍ ഈ പ്രസിദ്ധീകരണം കാണിച്ച് അധ്യാപകരുടെ സഹായത്തോടെ പ്രതിനിധികള്‍ പരിചയപ്പെടുത്തുമ്പോള്‍ പലരും കൗതുകത്തിനു വേണ്ടി വാങ്ങാന്‍ തയ്യാറാവുകയും അടുത്ത ദിവസം ഇതിന്റെ പണത്തിനു വേണ്ടി രക്ഷാകര്‍ത്താക്കളോട് നിര്‍ബന്ധിക്കുകയും ചെയ്യുകയാണ് പതിവ്. വനിതാ അധ്യാപകരെ പ്രത്യേകം തേടിപ്പിടിച്ച് കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് പ്രസിദ്ധീകരണ വില്‍പ്പനയ്ക്ക് പ്രതിനിധികള്‍ ശ്രമിക്കുന്നത്. കുട്ടികളുമായി സ്‌കൂളില്‍ എത്തുന്ന രക്ഷാകര്‍ത്താക്കളോട് പഠനകാര്യങ്ങളില്‍ ഈ പ്രസിദ്ധീകരണം വലിയ സഹായം ചെയ്യുമെന്ന മട്ടില്‍ അധ്യാപിക അഭിപ്രായം പറയുമ്പോള്‍ പലരും ഇതിന് പണമുടക്കാന്‍ തയ്യാറാവുന്നു.
സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും കമ്മീഷന്‍ ലഭിക്കുന്നതുകൊണ്ട് ക്ലാസുകള്‍ നടക്കു ന്ന സമയത്ത് പോലും ഇത്തരം പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പനയ്ക്ക് ഇവര്‍ അവസരം ഒരുക്കിക്കുകയാണ്. സ്വകാര്യ കച്ചവടക്കാരെ സ്‌കൂള്‍ കോമ്പൗണ്ടില്‍ അനുവദിക്കരുതെന്ന വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവു പോലും കാറ്റില്‍ പറത്തിയാണ് ഈ കമ്മീഷന്‍ കച്ചവടത്തിന് അധികൃതര്‍ സമ്മതം നല്‍കുന്നത്.
Next Story

RELATED STORIES

Share it