സ്‌കൂളുകള്‍ ഒരുങ്ങി; വിപണിയില്‍ തിരക്ക്

കോഴിക്കോട്: നാളെ തുടങ്ങാനിരിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ചിത്രങ്ങളും കാര്‍ട്ടൂണുകളും കൊണ്ട് ചുവരുകള്‍ മനോഹരമാക്കിയും കെട്ടിടങ്ങളും ഫര്‍ണിച്ചറുകളും അറ്റകുറ്റപ്പണി നടത്തിയും കുട്ടികളെ സ്വീകരിക്കാനുള്ള അവസാന മിനുക്കുപണിയിലാണ് സ്‌കൂളുകള്‍.
സ്‌കൂള്‍, ബിആര്‍സി തലങ്ങളില്‍ പ്രവേശനോല്‍സവങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പിടിഎയുടെ സഹകരണത്തോടെയാണ് മിക്ക സ്‌കൂളുകളിലും ഇവ നടത്തുന്നത്. പ്രവേശനോല്‍സവത്തിന് ബാനര്‍ പോലുള്ളവ സ്ഥാപിക്കുന്നതിന് എസ്എസ്എ പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പുത്തന്‍ ട്രന്‍ഡും ബ്രാന്‍ഡും അന്വേഷിച്ച് കുട്ടികളെത്തിയത് സ്‌കൂള്‍ വിപണിയെ കൂടുതല്‍ സജീവമാക്കി. കുടകളും ബാഗുകളും യൂനിഫോമുകളും നോട്ട് പുസ്തകങ്ങളും വില്‍ക്കുന്ന കടകള്‍ കുട്ടികളെയും രക്ഷിതാക്കളെയും കൊണ്ടു നിറഞ്ഞു. സാധനങ്ങളുടെ വില കഴിഞ്ഞവര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം മുതല്‍ പത്തുശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വിപണിയിലെ തിരക്കിനെ ബാധിച്ചിട്ടില്ല. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്കാണ് സ്‌കൂള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. പരസ്യങ്ങളുടെ സ്വാധീനത്തിനു വഴങ്ങി ഇത്തരം ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാനാണ് കുട്ടികള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.
ത്രീഡി ബാഗുകളാണ് ഇത്തവണ താരം. കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ത്രീഡി ചിത്രങ്ങളുള്ള ബാഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 180 രൂപ മുതല്‍ 3000 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. 190 രൂപ മുതല്‍ മുകളിലേക്കാണ് സ്‌കൂള്‍ ഷൂവിന്റെ വില. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പെന്‍സില്‍ ബോക്‌സ് ഉണ്ട്. ഉള്ളില്‍ കാല്‍ക്കുലേറ്ററുള്ള പ്രത്യേക പെന്‍സില്‍ ബോക്‌സുകള്‍ക്ക് 250 രൂപയാണു വില. 50 രൂപ മുതല്‍ വിലയുള്ളവയും ഒറ്റനോട്ടത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ആണെന്നു കരുതുംവിധമുള്ള വിലകൂടിയ പെന്‍സില്‍ ബോക്‌സുകളും ഉണ്ട്. വെള്ളക്കുപ്പികളില്‍ പോളി കാര്‍ബണിനാല്‍ നിര്‍മിച്ചവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.
കാസറോള്‍ മാതൃകയിലുള്ള ഫൈബര്‍ ചോറ്റുപാത്രങ്ങളും സ്‌നാക്‌സ് ബോക്‌സുകളും ലഭ്യമാണ്. 250 രൂപ മുതലാണ് ഇവയുടെ വില. 200 പേജ് നോട്ട്ബുക്ക് 20 രൂപ മുതല്‍ ലഭിക്കും. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് മഴ എത്തിയതിനാല്‍ കുട വിപണിയും സജീവമായിട്ടുണ്ട്.
Next Story

RELATED STORIES

Share it