wayanad local

സ്‌കൂളുകളുടെ അപ്ഗ്രഡേഷന്‍: സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല; രക്ഷിതാക്കള്‍ ആശങ്കയില്‍

മാനന്തവാടി: ജില്ലയിലെ വിദ്യാലയങ്ങള്‍ അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് മന്ത്രിസഭയുടെ അവസാന യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങിയില്ല. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലായി. മാനന്തവാടി താലൂക്കിലെ പഴക്കംചെന്ന പള്ളിക്കല്‍, കെല്ലൂര്‍, കണ്ടത്തുവയല്‍, പുളിഞ്ഞാല്‍, വെള്ളമുണ്ട സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയും ഇതു പല തിരഞ്ഞെടുപ്പ് വേദികളിലും സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജയലക്ഷ്മി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുട്ടികള്‍ ടിസി വാങ്ങി പുതിയ സ്‌കൂളുകളില്‍ ചേരാനുള്ള സമയമായിട്ടും ഉത്തരവിറങ്ങുന്നതു വൈകുകയാണ്. കെല്ലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ യുപിയായിട്ടാണ് അപ്‌ഗ്രേഡ് ചെയ്തത്. 60 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നാട്ടുകാര്‍ സമരം നടത്തി നിവേദനം നല്‍കിയതാണ്. എന്നാല്‍, അവസാന ഘട്ടത്തില്‍ അപ്‌ഗ്രേഡ് ചെയ്തതായി മന്ത്രിസഭാ തീരുമാനമുണ്ടായെങ്കിലും ഉത്തരവിറങ്ങിയില്ല. ഇതോടെ ഇവിടെ നിന്നും നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കുന്നതാണെന്നു കാണിച്ച് ഹെഡ്മാസ്റ്റര്‍ നോട്ടീസ് പതിച്ചുകഴിഞ്ഞു. പുളിഞ്ഞാലില്‍ എല്‍പി സ്‌കൂളും ഹൈസ്‌കൂളും നിലവിലുണ്ട്. യുപി സ്‌കൂളില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് എല്‍പി മാത്രമുണ്ടായിരുന്ന പുളിഞ്ഞാലില്‍ കേന്ദ്ര പദ്ധതി പ്രകാരം ഹൈസ്‌കൂള്‍ അനുവദിച്ചത്. യുപി ആയി ഉയര്‍ത്താന്‍ അവസാന ഘട്ടത്തില്‍ തീരുമാനിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിക്കല്‍ എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തതും അവസാന ഘട്ടത്തിലാണ്. വെള്ളമുണ്ട പത്താംമൈലില്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുകയാണുണ്ടായത്. എന്നാല്‍, ഇതു സംബന്ധിച്ചും ഉത്തരവുകളിറങ്ങാത്തതു കാരണം വിദ്യാര്‍ഥികള്‍ ടിസി വാങ്ങി തൊട്ടടുത്ത ഹൈസ്‌കൂളിലേക്ക് ചേരാന്‍ തയ്യാറെടുക്കുകയാണ്.
Next Story

RELATED STORIES

Share it