സ്‌കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പുവരുത്തണം: ഹൈക്കോടതി

കൊച്ചി: അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിവസങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന പ്രകാരം പരീക്ഷ കൂടാതെ പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാന്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. ഗവ. യുപി ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളുടെ പിതാവായ പുല്ലുവഴി സ്വദേശി പി ടി സുരേഷ് നല്‍കിയ ഹരജിയിലാണു നടപടി.
വിദ്യാഭ്യാസ കലണ്ടറില്‍ 200 പ്രവൃത്തിദിവസമാണ് അധ്യയനം. എന്നാല്‍ കേരള വിദ്യാഭ്യാസ നിയമപ്രകാരവും 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും പരീക്ഷകള്‍ കൂടാതെ അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ 220 പ്രവൃത്തിദിനം വേണം. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 200 പ്രവൃത്തിദിനങ്ങളും. പ്രവൃത്തിദിനങ്ങള്‍ കുറവായതിനാല്‍ പഠനത്തെ ബാധിക്കുന്നതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഹര്‍ത്താലും അപ്രതീക്ഷിത അവധികളുമാണ് ഇതിനു കാരണം. ഇത്തരം അവധികള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 2015-2016ല്‍ 200 പ്രവൃത്തിദിനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും 34 ദിവസങ്ങള്‍ പരീക്ഷയ്ക്ക് മാറ്റിവച്ചതായും ശേഷിക്കുന്ന 166 ദിവസമാണ് പഠനമുള്ളതെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു.
പാഠ്യപദ്ധതി പരിപാടികള്‍ ഓണാവധിക്കും ജില്ലാ കലോല്‍സവങ്ങള്‍ ക്രിസ്മസ് അവധിക്കും സംസ്ഥാന കലോല്‍സവം മധ്യവേനലവധിക്കും നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ മറ്റ് ഉത്തരവുകള്‍ക്കു മുതിരുന്നില്ലെന്നും അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it