സ്‌കൂളുകളിലെ തസ്തികനിര്‍ണയം 30നകം പൂര്‍ത്തിയാവുമെന്ന് ഡിപിഐ: ആശങ്കയോടെ അധ്യാപകര്‍

തിരുവനന്തപുരം: സ്‌കൂളുകളിലെ അധ്യാപക തസ്തികനിര്‍ണയം പൂര്‍ത്തിയാവാനിരിക്കെ ആശങ്കയോടെ 10,000ത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍.
നാലുവര്‍ഷമായി മുടങ്ങിക്കിടന്ന തസ്തികനിര്‍ണയമാണ് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ഡിപിഐയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാവുന്നത്. എന്നാല്‍, തസ്തികനിര്‍ണയത്തിനൊപ്പം പുനര്‍വിന്യാസം പൂര്‍ത്തിയാവാത്തത് അധ്യാപകര്‍ക്ക് ഇനിയുള്ള മാസങ്ങളില്‍ ശമ്പളം മുടങ്ങാനിടയാവും. സംസ്ഥാനത്തുള്ള ഒരുലക്ഷത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ അധ്യാപക പാക്കേജിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ 18,000 പേരില്‍ 6,000 പേരെ മാത്രമേ നിലനിര്‍ത്താനാവൂ. തസ്തികനിര്‍ണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നു പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കും. എങ്കിലും പുനര്‍വിന്യാസത്തിനുള്ള നടപടികള്‍ തുടങ്ങണമെങ്കില്‍ ജൂണ്‍ മാസമാവും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി അധ്യാപകര്‍ക്ക് നിയമനം ലഭിക്കണമെങ്കില്‍ വീണ്ടും കാലതാമസമുണ്ടാവും. അതുവരെ ശമ്പളമില്ലാതെ കഴിയേണ്ടിവരുമെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍പിയില്‍ 150ഉം യുപിയില്‍ 100ഉം കുട്ടികളുള്ള സ്‌കൂളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ മാത്രമാണ് പുനര്‍വിന്യാസം സാധ്യമാവുന്നത്.
അതേസമയം, അധ്യാപക തസ്തികനിര്‍ണയവും പുനര്‍വിന്യാസവും ഈമാസം 30നകം പൂര്‍ത്തിയാവുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എംഎസ് ജയ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഡിഡിഇമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയും സംശയനിവാരണം നടത്തി. ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണ് അധ്യാപകര്‍ ആശങ്ക പ്രകടിപ്പിച്ചത്. നിയമമനുസരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ നടപടിയുണ്ടാവും. എന്നാല്‍, അധ്യാപക പാക്കേജ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോവണമോ എന്നകാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും ഡിപിഐ വ്യക്തമാക്കി. കോടതി നിര്‍ദേശപ്രകാരം ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന പുതിയ അധ്യാപക-വിദ്യാര്‍ഥി 1:30 (എല്‍പി), 1:35 (യുപി) അനുപാതത്തിലാണ് തസ്തിക നിര്‍ണയം നടത്തിയത്.
സര്‍ക്കാരിന്റെ അധ്യാപക പാക്കേജും അധ്യാപക ബാങ്കും റദ്ദാക്കിയാണ് കോടതി പുതിയ അനുപാതത്തില്‍ തസ്തികനിര്‍ണയം നടത്താനുള്ള കോടതി വിധിക്കെതിരേ അപ്പീല്‍ പോവുമെന്നും മേല്‍ക്കോടതി വിധിക്ക് അനുസൃതമായി മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവൂ എന്നായിരുന്നു മന്ത്രി പി കെ അബ്ദുറബ്ബും പൊതുവിദ്യാഭ്യാസവകുപ്പും വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it