thiruvananthapuram local

സ്‌കൂളിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ച ഫയലുകള്‍ കത്തിയ നിലയില്‍

ബാലരാമപുരം: കോട്ടുകാല്‍കോണം മുത്താരമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്ന് പേപ്പറുകളും ഫയലുകളും നശിപ്പിച്ച നിലയില്‍. എസ്എസ്എല്‍സി ബുക്കുകളും കത്തിനശിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചുവരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലിസിനെ വിവരം അറിയിച്ചു. കോട്ടുകാല്‍കോണം മുത്താരമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടുത്തിടെ മാനേജ്‌മെന്റും മുന്‍ മാനേജ്‌മെന്റ് കമ്മിറ്റിയും തമ്മില്‍ തര്‍ക്കവും കോടതിയില്‍ കേസും നിലനില്‍ക്കേയാണ് സംഭവം നടന്നത്.
സ്‌കൂളിന്റെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ മൂന്നാമത്തെ നിലയില്‍ ഫയലുകള്‍ സൂക്ഷിക്കുന്ന റൂമില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്നാണ് ഫയലുകള്‍ കത്തിച്ചത്. താഴത്തെ ഗേറ്റും രണ്ട് നിലകളിലുള്ള ഗ്രില്ലും റൂമിലെ കതകും തകര്‍ത്താണ് അകത്തുകടന്ന് ഫയലുകള്‍ കത്തിച്ചത്. പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും അലമാരയില്‍ സൂക്ഷിച്ചിരുന്നു. ബുധനാഴ്ച അര്‍ധരാത്രി സംഭവം നടന്നതായാണ് നിഗമനം.
കൊമേഴ്‌സ് അണ്‍എയ്ഡഡ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ബുക്കുകളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ 50ഉം പ്ലസ്ടു വിദ്യാര്‍ഥികളുടെ 90ഉം സര്‍ട്ടിഫിക്കറ്റുകളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഫയലുകള്‍ കത്തിയതില്‍ എസ്എസ്എല്‍സി ബുക്കുകളും ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ വിവരം സ്‌കൂള്‍ അധികൃതര്‍ മൂടിവയ്ക്കുന്നതായും ആരോപണമുണ്ട്. വിവരമറിഞ്ഞ് പല രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലാണ്. മുന്‍ മാനേജ്‌മെന്റിലെ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌കൂള്‍ അധികൃതര്‍ പോലിസ് അധികാരികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കി. പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it