സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം; വിവരങ്ങള്‍ പുറത്തു വിട്ടയാള്‍ക്ക് തടവ്

ജനീവ: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട ഹെര്‍വ് ഫാല്‍സിയാനിക്ക് അഞ്ചു വര്‍ഷം തടവ്. വ്യാവസായിക ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഹോങ്കോങ് ആന്റ് ഷാങ്ഹായ് ബാങ്കിങ് കോര്‍പറേഷന്‍ (എച്ച്എസ്ബിസി) ഐടി വിദഗ്ധനായിരുന്ന ഫാല്‍സിയാനിക്ക് ബെല്ലിന്‍സോന നഗരത്തിലെ ഫെഡറല്‍ കോടതി അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ശിക്ഷ വിധിച്ചത്.
ബാങ്കിങ് രേഖകള്‍ മോഷ്ടിച്ചു, വാണിജ്യ-ബാങ്കിങ് രഹസ്യ ചട്ടങ്ങള്‍ ലംഘിച്ചു എന്നീ ആരോപണങ്ങളാണ് ഫാല്‍സിയാനിക്കെതിരേ ചുമത്തിയിരുന്നത്. ഹാജരാകണമെന്ന കോടതിയുടെ ആവശ്യം ഫാല്‍സിയാനി നിരസിച്ചിരുന്നു. നിലവില്‍ ഫ്രാന്‍സിലുള്ള അദ്ദേഹം അഭയം നല്‍കണമെന്ന് ഫ്രഞ്ച് ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
എച്ച്എസ്ബിസിയുടെ ജനീവ ബ്രാഞ്ചിലെ 1,30,000 നിക്ഷേപകരുടെ അക്കൗണ്ട് വിവരങ്ങളാണ് ഫാല്‍സിയാനി ചോര്‍ത്തിയത്. 2008ല്‍ ഈ രേഖകള്‍ ഫ്രഞ്ച് സര്‍ക്കാരിനു ലഭിക്കുകയും അവര്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയുമായിരുന്നു. ഇതോടെയാണ് വന്‍തോതില്‍ കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചിരുന്ന ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. എച്ച്എസ്ബിസിയുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വകാര്യ ബാങ്കിങ് വിഭാഗത്തില്‍ നിക്ഷേപിച്ച ഇന്ത്യക്കാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൈമാറിയാല്‍ ഫാല്‍സിയാനിക്ക് പണം നല്‍കാമെന്ന് ഇന്ത്യന്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരിക്കെയാണ് തടവുശിക്ഷ.
ഇന്ത്യയിലെ അന്വേഷണവുമായി സഹകരിക്കാമെന്ന് കഴിഞ്ഞാഴ്ച ഫാല്‍സിയാനി സന്നദ്ധത അറിയിച്ചിരുന്നു. കള്ളപ്പണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തരാന്‍ തയ്യാറാണെന്നും തനിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ ശിക്ഷാവിധി ഇന്ത്യയുമായുള്ള തന്റെ സഹകരണത്തെ ബാധിക്കില്ലെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നും ഫാല്‍സിയാനി ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് വ്യാപാരം അവസാനിപ്പിക്കുകയാണെന്ന് എച്ച്എസ്ബിസി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആയിരത്തിലധികം ഇന്ത്യക്കാര്‍ 2007 വരെ എച്ച്എസ്ബിസിയുടെ ജനീവ ബ്രാഞ്ചില്‍ 400 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആഗോള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it