സ്വാശ്രയ എന്‍ജി. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നാളെ കരാര്‍ ഒപ്പിടും

തിരുവനന്തപുരം: സ്വാശ്രയ എ ന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നാളെ കരാര്‍ ഒപ്പിടും. ഇന്ന് കരാര്‍ ഒപ്പിടാനാണ് ആലോചിച്ചിരുന്നതെങ്കിലും പ്രവേശന നടപടികള്‍ സംബന്ധിച്ച് അന്തിമധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് നാളത്തേക്കു മാറ്റിവച്ചത്. ഇന്നലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ചില പ്രതിനിധികള്‍ വിദ്യാഭ്യാസമന്ത്രിയുമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. അസോസിയേഷന്റെ മുഴുവന്‍ പ്രതിനിധികളുമെത്താത്തതിനാലാണ് വിശദമായ ചര്‍ച്ച നടക്കാതിരുന്നത്.
ഫീസിന്റെയും പ്രവേശനത്തിന്റെയും കാര്യത്തില്‍ അസോസിയേഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. കഴിഞ്ഞവര്‍ഷം 11,000ഓളം എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനിടയായ സാഹചര്യത്തില്‍ എ ന്‍ജിനീയറിങ് പരീക്ഷ പാസാവാത്തവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ ഈ നിര്‍ദേശം തള്ളി. എന്‍ജിനീയറിങ് പരീക്ഷ പാസാവാത്തവരെ പരിഗണിക്കരുതെന്ന പ്രവേശന മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ ഉത്തരവു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയത്.
കഴിഞ്ഞതവണത്തെ കരാര്‍ അതേപടി തുടരാനാണു സാധ്യത. പുതിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി കരാറിന്റെ കരട് തയ്യാറാക്കി സര്‍ക്കാര്‍ ഇന്ന് മാനേജ്‌മെന്റുകള്‍ക്കു കൈമാറും. അവര്‍ ഇതു പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെ നാളെ രാവിലെ സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണു ധാരണയായിരിക്കുന്നത്. ഇതിനുശേഷം വൈകീട്ട് കരാര്‍ ഒപ്പിടും. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിനു പുറത്തേക്കുപോവുന്ന സാഹചര്യമൊഴിവാക്കാന്‍ ഫീസ് കുറയ്ക്കാമെന്ന നിലപാടാണ് ചില മാനേജ്‌മെന്റുകള്‍ക്കുള്ളത്. എന്നാല്‍, ഇതില്‍ അസോസിയേഷനില്‍ ഭിന്നത നിലനില്‍ക്കുകയാണ്. ഫീസ് ഒരുകാരണവശാലും കുറയ്ക്കാനാവില്ലെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഫീസില്‍ ആനുകൂല്യം നല്‍കുന്നതു സംബന്ധിച്ച തീരുമാനവും നാളെയുണ്ടാവും. അതേസമയം, സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റുകളുമായി ഉടന്‍ ചര്‍ച്ച നടത്തി കരാര്‍ ഒപ്പിടുമെന്നും ഫീസ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
Next Story

RELATED STORIES

Share it