Kerala

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം: നിലപാടിലുറച്ച് സര്‍ക്കാര്‍; ചര്‍ച്ച പരാജയം

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം: നിലപാടിലുറച്ച് സര്‍ക്കാര്‍; ചര്‍ച്ച പരാജയം
X
c-raveendranath

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മുന്‍നിലപാടിലുറച്ച് സര്‍ക്കാര്‍. മാര്‍ക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയില്‍ നിന്നു പ്രവേശനം അനുവദിക്കില്ലെന്നു സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. എന്നാല്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.
മാനേജ്‌മെന്റ് സീറ്റുകളിലേക്കു യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഇവര്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നു വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
സ്വാശ്രയ കോളജുകളില്‍ സീറ്റൊഴിഞ്ഞുകിടക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമല്ലെന്നും ഇന്നുരാവിലെ 11നു മുമ്പ് മാനേജ്‌മെന്റുകള്‍ അന്തിമനിലപാട് അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് 30ന് നടക്കാനിരിക്കെ പുതിയ സാഹചര്യത്തില്‍ സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനത്തില്‍ പ്രതിസന്ധി കടുത്തിരിക്കുകയാണ്.
പ്ലസ്ടു മാര്‍ക്കും എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയിലെ സ്‌കോറും സമീകരിച്ചാണു റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍, പ്രവേശനപ്പരീക്ഷയില്‍ മിനിമം 10 മാര്‍ക്ക് ലഭിക്കാത്തവരെ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് കോഴ്‌സിന് പ്രവേശിപ്പിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്നാണു മാനേജ്‌മെന്റുകളുടെ നിലപാട്.
നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി ചര്‍ച്ചയ്ക്കുശേഷം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. മറ്റു നടപടിക്രമങ്ങളെല്ലാം മുന്‍കാലത്തേതുപോലെ തന്നെയാണ്. പ്രീ നോര്‍മലൈസേഷന്‍ സംബന്ധിച്ചാണു തര്‍ക്കം. ഇക്കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന പരാതിയല്ല പ്രധാനപ്രശ്‌നം. മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, ഇന്ന് ചേരുന്ന നിര്‍വാഹകസമിതി ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് അസോസിയേഷന്‍ പ്രതിനിധികളായ ഡോ. എ യൂനുസ് കുഞ്ഞും ജിപിസി നായരും വ്യക്തമാക്കി. തീരുമാനം രാവിലെ മന്ത്രിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാല്‍ ഇന്നുതന്നെ തുടര്‍ചര്‍ച്ചയുണ്ടാവും.
ഞായറാഴ്ച കൊച്ചിയില്‍ ജനറല്‍ബോഡി ചേര്‍ന്ന് മാര്‍ക്ക് ഏകീകരണ പട്ടിക അംഗീകരിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ലഭിച്ച ആനുകൂല്യവും എടുത്തുകളയുന്നത് ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്റെ എണ്ണം വര്‍ധിക്കുന്നതിനു കാരണമാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it