സ്വാമി സൂക്ഷ്മാനന്ദയ്‌ക്കെതിരേ ബിജു രമേശിന്റെ മൊഴി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ബിജു രമേശിന്റെ മൊഴി. ആലുവയിലെ ആശ്രമത്തിലെത്തിയപ്പോള്‍ സ്വാമിയുടെ കുളിമുറിയില്‍ ആരോ മലമൂത്ര വിസര്‍ജനം ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വാമി കുളിക്കടവില്‍ പോയത്.
സൂക്ഷ്മാനന്ദ സ്വാമിയും ശാശ്വതീകാനന്ദ സ്വാമിയും തമ്മി ല്‍ പല കാരണങ്ങളാല്‍ മാനസികമായി അടുപ്പത്തിലായിരുന്നില്ല. മരണദിവസം ആശ്രമത്തില്‍ ബുക്ക്സ്റ്റാളിന്റെ ഉദ്ഘാടനം സ്വാമിയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സ്വാമി കുളിക്കാ ന്‍ പോയ സമയം സൂക്ഷ്മാനന്ദ സ്വാമി ഉദ്ഘാടനത്തിനായി എല്ലാവരെയും വിളിച്ചുകൂട്ടി പ്രാര്‍ഥന തുടങ്ങി. കുളിക്കടവു ഭാഗത്തേക്ക് ആരും പോവാതിരിക്കുന്നതിനും അവിടെനിന്നുള്ള ശബ്ദം ആരും കേള്‍ക്കാതിരിക്കാനുമാണ് പ്രാര്‍ഥന മുന്‍കൂട്ടി തുടങ്ങിയതെന്ന് താന്‍ സംശയിക്കുന്നു.
സ്വാമി പയറുപൊടി ഉപയോഗിച്ചാണ് സാധാരണ കുളിക്കാറുള്ളത്. സോപ്പ് ഉപയോഗിച്ചാണു കുളിച്ചതെന്ന് സഹായി സാബു പറഞ്ഞിട്ടുള്ളതു കളവാണ്. സാബുവിനെ പോളിഗ്രാഫ് പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ സൂക്ഷ്മാനന്ദ സ്വാമിയും ബിജു പപ്പനും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരായ രാജീവ്, പുലികേശന്‍ എന്നിവരെ സമീപിച്ചിരുന്നു. സ്വാമിയുടെ മൃതദേഹം പുഴയില്‍ നിന്ന് എടുക്കുന്നതിനു മുമ്പേ കുളിക്കടവില്‍ രക്തമുണ്ടായിരുന്നതായാണ് പറഞ്ഞുകേള്‍ക്കുന്നത്. സ്വാമിയുടെ മരണശേഷം സാബുവിന്റെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നതു സൂക്ഷ്മാനന്ദ സ്വാമിയാണെന്നും ബിജു രമേശ് ക്രൈബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴി പകര്‍പ്പ് ക്രൈംബ്രാഞ്ച് എസ്പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
35 വര്‍ഷമായി ശാശ്വതീകാനന്ദ സ്വാമിയെ പരിചയമുണ്ട്. 15 വര്‍ഷമായി എസ്എന്‍ ട്രസ്റ്റ് അംഗമാണ് താന്‍. കൂടാതെ ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറിയുമാണ്.
പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയനാണെന്നു പറഞ്ഞ് ഒരാള്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നു. സ്വാമിയെ കൊലപ്പെടുത്തിയത് വെള്ളാപ്പള്ളിക്കു വേണ്ടിയാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും മൊഴിയില്‍ പറയുന്നു. മുട്ടടയിലെ വീട്ടിലാണ് ശാശ്വതീകാനന്ദ സ്വാമി താമസിച്ചിരുന്നത്. സ്വാമി മരിച്ച ദിവസം തന്നെ വെള്ളാപ്പള്ളി ആ വിട്ടിലെത്തി അവിടെയുണ്ടായിരുന്ന ഡയറിയും ബുക്കുകളും എടുത്തുകൊണ്ടുപോയി എന്നാണു പറയുന്നത്. വെള്ളാപ്പള്ളിയെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് തന്നോടടക്കം സ്വാമി പറഞ്ഞിട്ടുണ്ട്.
സ്വാമിയോട് അനുകൂലിച്ചുനിന്ന എല്ലാ എസ്എന്‍ഡിപി ഭാരവാഹികളെയും വെള്ളാപ്പള്ളി ഒഴിവാക്കി സ്വന്തം ആളുകളെ നിയമിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സംശയമുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ ഒന്നും ഇപ്പോള്‍ തന്റെ കൈവശമില്ല.
വെള്ളത്തില്‍ ഏറെനേരം മുങ്ങിക്കിടക്കാനും വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കാനും നന്നായി നീന്താനും അറിയുന്ന സ്വാമി മുങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നും ബിജു രമേശിന്റെ മൊഴിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it